Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആനാട് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമം; ഫ്ലക്സ് ബോർഡുകളും പതാകകളും കത്തിച്ചതായി പരാതി; പോലീസിൽ പരാതി നൽകി കോൺഗ്രസ്സ്

ആനാട്: പ്രദേശത്ത് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായി പരാതി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആനാട് മണ്ഡലം നേതൃത്വം നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് പരാതി നൽകി.


കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്കിനോടനുബന്ധിച്ച് ആനാട് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നതായി പരാതിയിൽ പറയുന്നു. കെ.എസ്.യുവിന്റെയും കോൺഗ്രസിന്റെയും ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തു. തുടർന്ന് വൈകുന്നേരത്തോടെ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് ശേഷവും ആനാട് ബാങ്ക് ജംഗ്ഷനിലേക്ക് വീണ്ടും പ്രകടനം നടത്തുകയും പാർട്ടി പതാകകളും തോരണങ്ങളും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമുണ്ടായി.

പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിതമായ പ്രകോപനങ്ങളും പ്രസംഗങ്ങളുമാണ് നടന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു. തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി വീഡിയോകൾ പ്രചരിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന് നേതൃത്വം നൽകിയവർക്കെതിരെ അടിയന്തരമായി കർശന നിയമനടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ആനാട് ചെയർമാൻ ആനാട് സുരേഷ്, യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആനന്ദ് ആർ. നായർ, കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിഷേക് ആനാട് എന്നിവർ പോലീസിനോട് ആവശ്യപ്പെട്ടു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments