Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സർക്കാർ ഓഫീസുകൾ ജനസൗഹൃദമായിരിക്കണം: മന്ത്രി എ.പി.അനിൽകുമാർ

ആര്യനാട്: ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കി സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. നിർമാണം പൂർത്തിയായ ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


റവന്യു വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകളെന്ന് മന്ത്രി പറഞ്ഞു. സ്മാർട്ട് വില്ലേജുകൾ നിലവിൽ വരുന്നതോടെ പേരുമാറ്റമല്ല, മറിച്ച് പരമാവധി സേവനങ്ങൾ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓഫീസുകളിലെത്തുന്ന ജനങ്ങളുടെ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി നൽകണം.സേവനങ്ങൾക്കായി ജനങ്ങൾ ഇടനിലക്കാരെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

45 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുക്കിയത്. 1080.95 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ വില്ലേജ് ഓഫീസറുടെ മുറി, ഫ്രണ്ട് ഓഫീസ്, വെയ്റ്റിംഗ് ഏരിയ, ഓഫീസ് മുറി, ഡൈനിംഗ് റൂം, ടോയ്ലെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷി സൗഹൃദ റാമ്പും പ്രത്യേക ടോയ്ലെറ്റ് സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്.

വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ, ജില്ലാ കളക്ടർ അഞ്ജു കെ.എസ്, എ.ഡി.എം നിസ.എ, നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ കെ.പി, വിവിധ ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments