Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് മുക്കോലയ്ക്കൽ - പഴകുറ്റി റോഡ് തകർന്നു; അപകടങ്ങൾ പതിവാകുന്നതായി പരാതി

നെടുമങ്ങാട്: പഴകുറ്റി - മുക്കോലയ്ക്കൽ ബൈപ്പാസ് റോഡിലെ മുക്കോലയ്ക്കൽ കുട്ടികളുടെ കൊട്ടാരം പാർക്ക് മുതൽ കല്ലിംഗൽ വരെയുള്ള റോഡ് പൂർണ്ണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതോടെ അപകടങ്ങൾ പതിവാകുന്നതായി പരാതി. നബാർഡിന്റെ മൂന്ന് കോടി രൂപ വിനിയോഗിച്ച് പി.ഡബ്ല്യു.ഡി നിർമ്മിച്ച ഈ റോഡ് നിലവിൽ നെടുമങ്ങാട് നഗരസഭയുടെ അധികാരപരിധിയിലാണ്. എന്നാൽ കൃത്യമായ പരിപാലനമില്ലാതെ റോഡ് പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്. കാട്ടാക്കട, ആര്യനാട്, വെള്ളറട തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടുമങ്ങാട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽപെടാതെ പഴകുറ്റി വഴി എം.സി. റോഡിലേക്ക് പ്രവേശിക്കാൻ ആശ്രയിക്കുന്ന പ്രധാന സമാന്തര പാതയാണിത്.


റോഡിലെ വലിയ കുഴികളും അശാസ്ത്രീയമായ വളവുകളും കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ തെന്നിമാറി അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്. മഴക്കാലത്ത് ഈ റോഡിലെ പറണ്ടോട് ഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലാകും. വെള്ളം കയറിയ റോഡിലൂടെ പോകുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. എന്നാലിപ്പോൾ കുഴികൾ കൂടിയതോടെ വെള്ളം കെട്ടിക്കിടക്കുന്ന സമയം കുഴികളുടെ ആഴം അറിയാൻ കഴിയാത്തത് അപകടങ്ങളുടെ ആക്കം കൂട്ടും. രാത്രികാലങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് വലിയ ചരക്കുലോറികളും ടോറസുകളും കടന്നുപോകുന്ന ഈ റോഡ് തകർന്നതോടെ പ്രദേശത്തെ മറ്റ് റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.

റോഡിന്റെ തകർച്ച കാരണം കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിൽ നഗരസഭയും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കുഴികൾ അടച്ച് റോഡ് പൂർണ്ണമായും റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments