Recent-Post

വേനൽ കടുത്തതോടെ ഉഴമലയ്ക്കൽ മങ്ങാട്ടുപാറ പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷം



ആര്യനാട്: വേനൽ കടുത്തതോടെ ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറ പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷം. പാറകൾ നിറഞ്ഞ ഇവിടെ കിണറുകൾ വറ്റിയതോടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം മാത്രമാണ് നാട്ടുകാരുടെ ആശ്രയം. ചില വീടുകളിൽ മാത്രമാണ് വാട്ടർ അതോറിറ്റിയുടെ കണക്‌ഷൻ ഉള്ളത്. പിന്നീടുള്ള ഏകആശ്രയം പൊതു ടാപ്പുകളാണ്. എന്നാൽ ശുദ്ധജല വിതരണത്തിൽ വാട്ടർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രതിസന്ധി രൂക്ഷമായി.


പൊതുടാപ്പ് ഇളകി മാറ്റാൻ ശ്രമം ഉണ്ടായെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ബന്ധപ്പെട്ടവർ ആ തീരുമാനം ഉപേക്ഷിച്ചു. പൊതുടാപ്പുകളിൽ ലഭിക്കുന്ന വെള്ളം ചെളി കലർന്നതാണെന്നും പരാതിയുണ്ട്. ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശത്ത് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത് ഉൾപ്പെടെയുള്ള ബദൽ സംവിധാനം ഒരുക്കണമെന്നും വീടുകളിൽ ജലജീവൻ പദ്ധതി നടപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


അതേസമയം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാൻ ജലജീവൻ മിഷന്റെ 146.39 കോടി രൂപയുടെ മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിയുടെ ജോലികൾ പുരോഗമിക്കുന്നുണ്ട്.ഇത് യാഥാർഥ്യമാകുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് അധികൃതരുടെ വാദം. എന്നാൽ പദ്ധതികൾ പൂർത്തിയാകാൻ മാസങ്ങൾ വേണ്ടി വരും.

Post a Comment

0 Comments