Recent-Post

വീഡിയോ പിൻവലിക്കണം; രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തിൽ തരൂരിന് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ




തിരുവനന്തപുരം: എന്‍.ഡി.എ. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എന്‍.ഡി.എ. സ്ഥാനാര്‍ഥിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് കാണിച്ച് ബി.ജെ.പി. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജീവ് ചന്ദ്രശേഖര്‍ സമുദായനേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും പണം നല്‍കി വോട്ട് നേടാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ശശി തരൂരിന്റെ ആരോപണം.


ബി.ജെ.പി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ.ആര്‍. പദ്മകുമാര്‍, എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ കണ്‍വീനര്‍ വി.വി. രാജേഷ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ വിവാദപരാമര്‍ശം. വിഷയത്തില്‍ വിശദീകരണം തേടി തരൂരിനും അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിന്റെ മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.


എന്നാല്‍ ആരോപണം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ നല്‍കാനോ തൃപ്തികരമായ മറുപടി നല്‍കാനോ ഇരുകൂട്ടര്‍ക്കുമായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് തരൂരിനും ചാനലിനും താക്കീത് നല്‍കിയത്. അഭിമുഖത്തിലെ വിവാദഭാഗങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ കമ്മീഷന്‍ അഭിമുഖം മറ്റേതെങ്കിലും രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. അതേസമയം, തരൂരിന്റെ ആരോപണം ജാതി-മതവികാരം ഉണര്‍ത്തുന്നുവെന്ന ബി.ജെ.പിയുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.


സംഭവത്തില്‍ തരൂരിനെതിരെ നിയമനടപടിയുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. തരൂര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും ഒരു മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ നടത്തുന്ന പ്രവൃത്തിയാണിതെന്നും കാണിച്ചാണ് രാജീവ് തരൂരിന് വക്കീല്‍ നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിന്‍വലിച്ച് തരൂര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ശശി തരൂര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഇടവക വൈദികര്‍ ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികള്‍ക്ക് പണം നല്‍കി വോട്ട് സ്വാധീനിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രമിച്ചുവെന്നുമാണ് ശശി തരൂര്‍ പ്രചരിപ്പിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. പ്രമുഖ മലയാള വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ആരോപണം ഉന്നയിച്ചതെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

പ്രസ്താവന നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും വിഷയത്തിന്മേല്‍ പ്രതികരിക്കാന്‍ ശശി തരൂര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. താന്‍ ആര്‍ക്കാണ് പണം നല്‍കിയതെന്ന് തരൂര്‍ വ്യക്തമാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല. ഞാന്‍ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി വിലകുറഞ്ഞ രാഷ്ട്രീയത്തിലേക്ക് എന്നെ വലിച്ചിടരുത്. എം.പി. എന്ന നിലയില്‍ 15 വര്‍ഷത്തെ പ്രകടനം സൂക്ഷ്മമായി പരിശോധിക്കുന്നതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നിഷ്ഫലശ്രമമാണ് തരൂര്‍ ഇപ്പോള്‍ പറയുന്ന പച്ചക്കള്ളത്തിന് പിന്നിലെന്ന് രാജീവ് ആരോപിച്ചു.

Post a Comment

0 Comments