Recent-Post

തിരഞ്ഞെടുപ്പുകൾക്ക് പ്രചാരണമില്ലാത്ത നാട്; തെരെഞ്ഞെടുപ്പ് അടുത്തുകഴിഞ്ഞാൽ ശാന്തമായ നാടാണ് പരിയാരം



നെടുമങ്ങാട്:
തെരെഞ്ഞെടുപ്പ് അടുത്തുകഴിഞ്ഞാൽ ശാന്തമായ നാടാണ് നെടുമങ്ങാട് പരിയാരം. തിരഞ്ഞെടുപ്പുകൾക്ക് പ്രചാരണമില്ലാത്ത നാട്. പരിയാരം വഴി യാത്രചെയ്യുന്ന ഏതൊരാളും പരിയാരം ജങ്ഷനിലെത്തുമ്പോൾ ഒന്നു സംശയിച്ചുപോകും, ഒറ്റ ചുവരിലും സ്ഥാനാർഥിയുടെ ചിത്രങ്ങളോ, ചുവരെഴുത്തുകളോ, സ്ഥാനാർഥിയുടെ പുഞ്ചിരിക്കുന്ന ഫ്ളക്‌സ് ബോർഡുകളോ കാണാനില്ല. പരിയാരം മുതൽ മുളവൂർക്കോണം വരെയുള്ള രണ്ടു കിലോമീറ്റർ ജനം തിരഞ്ഞെടുപ്പ് പ്രചാരണം ഉപേക്ഷിച്ചിട്ട് മൂന്നര പതിറ്റാണ്ട് കഴിയുന്നു.


34 വർഷം മുമ്പുനടന്ന ഒരു തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണ കേന്ദ്രമായിരുന്നു പരിയാരം ജങ്ഷൻ. ചുവരുകളിലെല്ലാം പലനിറത്തിലെ എഴുത്തുകൾ, മരങ്ങളിലും വീടിന്റെ മുകളിൽ വരെ ബോർഡുകൾ, രാപകലില്ലാതെ പരസ്യവാഹനങ്ങൾ. ഒടുവിൽ സംഭവിച്ചത് വലിയ ദുരന്തം. പരസ്യബോർഡുകൾ വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം രഷ്ട്രീയസംഘട്ടനത്തിലാണ് അവസാനിച്ചത്. രണ്ട് രാഷ്ട്രീയ പാർട്ടികളിലായി പത്തിലധികം പേർക്ക് അന്ന് ഗുരുതരമായി പരിക്കേറ്റു. പലരും മാസങ്ങളോളം ആശുപത്രിക്കിടക്കയിലായി.


തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാട്ടുകാർ ഒരുമിച്ചു. പ്രശ്‌നം ചർച്ച ചെയ്തു. ഒടുവിൽ പരിയാരം കൂട്ടായൊരു തീരുമാനമെടുത്തു. 'ഇനി പരിയാരത്ത് ഒരു രാഷ്ട്രീയ സംഘട്ടനമുണ്ടാകരുത്'. ഇപ്പോൾ സ്ഥാനാർഥികളുടെ സന്ദർശനം പോലും ഇവിടെ ആഘോഷങ്ങളില്ലാതെയാണ് നടക്കുന്നത്. നാടിന്റെ സംസ്‌കാരം മാറിയതോടെ 1984-ൽ സംസ്‌കാര ഗ്രന്ഥശാല, വായനശാല, വനിതാ ഗ്രന്ഥശാല എന്നിവയെല്ലാം സ്ഥാപിതമായി. അതും വലിയൊരു മാറ്റത്തിലേക്കാണ് വഴിതുറന്നത്. നെടുമങ്ങാട് കോളേജ് ജങ്ഷൻ, മുക്കോല, കാരവളവ് വരെ സ്ഥാനാർഥികളുടെ നീണ്ടപ്രചാരണ പ്രവർത്തനങ്ങൾ കാണാം. പിന്നെ ഏതെങ്കിലുമൊരു ബോർഡ് കാണണമെങ്കിൽ മുളവൂർക്കോണം എത്തണം. 


പരിയാരത്തെ ചായക്കടകളിൽ വേണമെങ്കിൽ കടം പറയാം, പക്ഷേ രാഷ്ട്രീയം പറയരുത്. കാരണം പഴയതൊന്നും ആവർത്തിക്കാനോ ഓർക്കാനോ ഇന്നാട്ടുകാർ ഒരുക്കമല്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബഹിഷ്‌കരിച്ചെങ്കിലും സമ്പൂർണ വോട്ടവകാശം രേഖപ്പെടുത്തുന്നതിൽ പരിയാരം ഗ്രാമം ഇന്നും ഒരുപടി മുന്നിലാണ്


Post a Comment

0 Comments