
നെടുമങ്ങാട്: ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കല്ലിയോട് ജങ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് (38) ആണ് മരിച്ചത്. കാട്ടാക്കടയിൽ ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെ ഭാര്യ അശ്വതിയുമായി വഴക്കിടുകയും വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

കഴുത്ത് മുറിച്ചത് അശ്വതി ഉറക്കെ നിലവിളിച്ചതോടെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അച്ഛന്റെ അനുജൻ അനിൽകുമാറും ഓട്ടോ ഡ്രൈവർ രാജേഷും ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവരും ഓടിയെത്തി സ്മിതേഷിന്റെ ഫ്ലാറ്റിന്റെ മുൻവാതിൽ ചവിട്ടി തുറന്നു. വാതിൽ തുറന്നപ്പോൾ കഴുത്തറുത്ത് ചോര വാർന്ന് കത്തിയുമായി നിൽക്കുന്ന സ്മിതേഷിനെയാണ് ഇവർ കണ്ടത്. തുടർന്ന് ബലപ്രയോഗത്തിലൂടെ കത്തി വാങ്ങിയശേഷം ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് സ്മിതേഷ് മരിച്ചിരുന്നു.
വെള്ളിയാഴ്ച ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയിമടങ്ങി വന്ന ശേഷമാണ് സംഭവമുണ്ടായത്. ഇവരുടെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വിതുരയിലെ സ്മിതേഷിന്റെ വീട്ടിലും ആറാം ക്ലാസിൽ പഠിക്കുന്ന മകളെ കാട്ടാക്കടയിലെ അശ്വതിയുടെ വീട്ടിലും കൊണ്ടാക്കിയിരുന്നു. മൂന്നുമാസം മുമ്പ് 50 പാരാസെറ്റമോൾ ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്മിതേഷ്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമങ്ങാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.