Recent-Post

പൂവച്ചലിൽ പുലിയെ കണ്ടതായി നാട്ടുകാരൻ



പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് വാർഡിലെ കുറകോണം ആലനടയിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. രാവിലെ 8 മണിയോടെ ആലനടയ്ക്ക് സമീപം കൃഷ്ണകുമാറിന്റെ ഭൂമിയിൽ തേങ്ങ വെട്ടാനെത്തിയ ശിവകുമാറാണ് പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. തോട്ടത്തിലേക്ക് വരുമ്പോൾ 20 മീറ്റർ അകലെ പുലിയെ കണ്ടതായും തന്നെ കണ്ടതോടെ പുലി നിലത്ത് കിടന്നതായും ശിവകുമാർ പറഞ്ഞു.


പുലിയെ കണ്ട് ഭയന്ന ശിവകുമാർ മുന്നിലോട്ട് നടക്കാതെ പിന്നിലേക്ക് നടന്ന് രക്ഷപ്പെടുകയായിരുന്നു. പുലിയെ കണ്ട കാര്യം തൊട്ടടുത്ത് തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ അറിയിച്ചു. പിന്നാലെ തൊഴിലാളികൾ അവിടെ പണി അവസാനിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറി.
 

രാവിലെ വനം വകുപ്പ് ഓഫിസിൽ അറിയിച്ചെങ്കിലും വെറും 5 കിലോമീറ്റർ അകലെയുള്ള പരുത്തിപള്ളി റേഞ്ച് ഓഫിസിൽ നിന്നും ഉച്ചവരെ ഉദ്യോഗസ്ഥർ എത്തിയില്ല. വാഹനം ഇല്ലെന്ന പേരിലാണ് വൈകിയതെന്ന് നാട്ടുകാർ പറഞ്ഞു. റേഞ്ചിൽ ആർആർടി സംഘത്തിനു വേണ്ടി പ്രത്യേക വാഹനം തന്നെയുണ്ട്. എന്നാലിത് പലപ്പോഴും സ്വകാര്യ ആവശ്യങ്ങൾക്ക് ചില ആർആർടി അംഗങ്ങൾ ഉപയോഗിക്കുന്നു എന്ന പരാതി വ്യാപകമാണ്.

Post a Comment

0 Comments