Recent-Post

എകെഎസ്ടിയു ജില്ലാ സമ്മേളനം നെടുമങ്ങാട്ട്


നെടുമങ്ങാട്: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) 27-ാം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നെടുമങ്ങാട് ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ പാട്ടത്തിൽ ഷെരീഫും യൂണിയൻ സംസ്ഥാന സെക്രട്ടറി ഡോ.എഫ്. വിൽസണും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ഇന്നും നാളെയും (ഞായർ, തിങ്കൾ) നഗരസഭ ടൗൺ ഹാളിലാണ് (കാനം രാജേന്ദ്രൻ നഗർ) സമ്മേളനം നടക്കുന്നത്. ഇന്ന് വൈകിട്ട് 3 ന് വെഞ്ഞാറമൂട് ബൈജു കുമാറിൻറെ സ്മൃതി മണ്ഡപത്തിൽ നിന്നു പതാക ജാഥയും ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമര ജാഥയും ആരംഭിക്കും. ബിജു പേരയം പതാകജാഥയുടെയും എസ്.ജി അനീഷ് കൊടിമര ജാഥയുടെയും ക്യാപ്റ്റൻമാരാകും. വൈകിട്ട് 5.30ന് പതാക - കൊടിമര ജാഥകളുടെ സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
 

സംഘാടക സമിതി ചെയർമാൻ പാട്ടത്തിൽ ഷെരീഫ് അദ്ധ്യക്ഷത വഹിക്കും. പതാക ജോർജ് രത്നവും കൊടിമരം ഡോ.വിൽസണും ഏറ്റുവാങ്ങും. ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. നാളെ രാവിലെ 9.30 ന് അദ്ധ്യാപക പ്രകടനം. പത്തിന് പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ് എ.ഷാനവാസ് അദ്ധ്യക്ഷനാവും. പി.കെ മാത്യു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സി.പി.ഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് എന്നിവർ സംസാരിക്കും. തുടർന്ന് യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.


സംഘാടക സമിതി ജനറൽ കൺവീനർ എസ്.പ്രവീൺ, യൂണിയൻ ജില്ലാ പ്രസിഡൻറ് എ.ഷാനവാസ്, ജില്ലാ സെക്രട്ടറി ഇ. ലോർദ്ദോൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Post a Comment

0 Comments