Recent-Post

ഒന്നര കോടിയോളം രൂപ പലരിൽ നിന്നും തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു



പാലോട്: ഒന്നര കോടിയോളം രൂപ പലരിൽ നിന്നും തട്ടിയെടുത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പെരിങ്ങമ്മല ചല്ലിമുക്ക് എക്സ് കോളനിയിൽ സുധീർഖാൻ (42) നെയാണ് കർണാടകയിൽ നിന്നും പാലോട് പോലീസ് അറസ്റ്റ് ചെയ്തത്.



പാലോട് സ്വകാര്യ ഷോപ്പുടമ ഏലിയാസ്കുഞ്ഞിൽ നിന്നും 48 ലക്ഷം രൂപയും, ചല്ലിമുക്ക് സ്വദേശി സിറാജുദ്ദീനിൽ നിന്നും 11 ലക്ഷം രൂപയും, ഇലവുപാലം സ്വദേശി ജാഫറിൽ നിന്ന് രണ്ടര ലക്ഷം രൂപയും പെരിങ്ങമ്മല സ്വദേശിനി ഗിരിജയിൽ നിന്ന് പതിമൂന്നര ലക്ഷം രൂപയും ഉഷയുടെ കയ്യിൽ നിന്ന് 7 ലക്ഷം രൂപയും തുടങ്ങി നിരവധി ആൾക്കാരിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാൾ.


2017ൽ ആണ് കോടതി ഇയാളെ ശിക്ഷിച്ചത്. അതിനു ശേഷം കർണാടകയിലും കേരളത്തിലുമായി പലസ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മറ്റൊരാളുടെ സിം കാർഡ് ഉപയോഗിച്ച് വന്നിരുന്ന പ്രതിയെ വളരെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് കണ്ടെത്തിയത്. 


ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നെടുമങ്ങാട് കോടതി ജില്ലാ പോലീസ് മേധാവി ശിൽപ്പ ദേവയ്ക്ക് നൽകിയ നിർദ്ദേശത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ പി ഷാജിമോൻ, എ എസ് ഐ അൽ അമാൻ, സിപിഒ രഞ്ജിത്ത് രാജ്, സജികുമാർ ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂഡിഷ്യൽ കസ്റ്റഡിയിലാക്കി.



Post a Comment

0 Comments