Recent-Post

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു



കാട്ടാക്കട:
കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ബസ് മുന്നോട്ട് എടുക്കവെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനി മരിച്ചു. വൈകുന്നേരം നാലേകാലോടെടെയാണ് സംഭവം. പെരുമ്പഴുതൂർ ചെമ്പകപാറ കിഴക്കേ വട്ടവിള പുത്തൻ വീട്ടിൽ ബിജു സുജാത ദമ്പതികളുടെ മകൾ അബന്യ(18)ആണ് മരിച്ചത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാംവർഷ കോമേഴ്സ് വിദ്യാർത്ഥിനിയായിരുന്നു.




ഊരുട്ടമ്പലം വിഴിഞ്ഞം റൂട്ടിലോടുന്ന ടിവി 1359 നമ്പർ ബസ്സാണ് അപകടത്തിനു കാരണമായത്. കാട്ടാക്കട ബസ് സ്റ്റാൻഡിൽ വാണിജ്യ സമുച്ചയത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് ബസ് ഇടിച്ചു കയറിയത്. നിറുത്തിയ ബസ് രണ്ടാമത് വീണ്ടും മുന്നോട്ട് എടുക്കവെ മുൻപിൽ നിന്ന വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ചു കെട്ടിടത്തിൻ്റെ ബീമിനും ബസിനും ഇടയിൽ പെടുകയായിരുന്നു.


മുഖവും തലയും ഇടിച്ചു രക്തം വാർന്ന് കുട്ടിയെ ഉടൻ തന്നെ യാത്രക്കാരും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നയുടനെ ഡ്രൈവർ രാമചന്ദ്രൻ ഇറങ്ങിയോടി. സംഭവത്തെ തുടർന്ന് വിദ്യാർഥി സംഘടനകൾ ബസ് സ്റ്റാൻഡിൽ ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചു. ഇത് പോലീസും വിദ്യാർത്ഥികളും തമ്മിൽ തർക്കമായി. തുടർന്ന് ബസ് സ്റ്റാൻഡ് പ്രധാന കാവടതിന് മുന്നിൽ വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തുവെന്ന് പോലീസ് ഉറപ്പ് പറഞ്ഞതോടെ സമരം അവസാനിപ്പിച്ചു.


Post a Comment

0 Comments