Recent-Post

പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് നല്‍കണം



തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് നല്‍കണം. എഫ്.ഐ.ആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് ലഭിക്കാനും ഫീസ് അടയ്ക്കേണ്ടിവരും. ഒക്ടോബര്‍ ഒന്നു മുതല്‍ ഫീസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.


സൗജന്യമായിരുന്ന പൊലീസ് അനമുതിയാണ് ഇനി പണം അടച്ച് നേടേണ്ടി വരുന്നത്. ജില്ലാ തലത്തിലെ പ്രകടനത്തിനോ ഘോഷയാത്രയ്ക്കോ 10,000 രൂപയാണ് ഫീസ്. പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2000, സബ്ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും നല്‍കേണ്ടിവരും. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു ലൈബ്രറികള്‍, ശാസ്ത്ര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഫീസടക്കേണ്ട.


എഫ്.ഐ.ആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങിയവ കിട്ടാന്‍ 50 രൂപയാണ് ഫീസ്. നിലവില്‍ ഫീസ് അടച്ച് ലഭിച്ചിരുന്ന അനുമതികളുടെ നിരക്കും കൂട്ടി. അഞ്ച് ദിവസം സംസ്ഥാനത്തുടനീളം വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താനുള്ള ഫീസ് 5515 രൂപയില്‍ നിന്ന് 6070 രൂപയായി ഉയര്‍ത്തി.


ജില്ലാ തലത്തില്‍ ഇത് 555ൽ നിന്ന് 610 രൂപയാക്കി. 15 ദിവസത്തെ മൈക്ക് അനുമതി കിട്ടാന്‍ 365 രൂപ നല്‍കണം. ബാങ്ക് പണം കൊണ്ടുപോകാനുള്ള എസ്കോര്‍ട്ട് ഫീസ് 1.85 ശതമാനം കൂട്ടി. സ്വകാര്യ പാര്‍ട്ടി, സിനിമാ ഷൂട്ടിങ് എന്നിവയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ സിഐക്ക് 3340 ആണ് കൂട്ടിയ ഫീസ്. പൊലീസ് നായയ്ക്ക് 6615ല്‍ നിന്ന് 7280 രൂപയാക്കി. ഷൂട്ടിങ്ങിന് പൊലീസ് സ്റ്റേഷന്‍ വിട്ടുനൽകാനുള്ള ഫീസ് 12,130 രൂപയാണ്.

Post a Comment

0 Comments