Recent-Post

നെടുമങ്ങാട്ട് പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

 


നെടുമങ്ങാട്: പ്ലസ് വൺ വിദ്യാർഥിനിയെ പിന്തുടർന്ന് നിർബന്ധിച്ച് കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ.
 

കരകുളം പാലം ജങ്ഷനിൽ ഹിൽ വ്യൂ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പനവൂർ കല്ലിയോട് കുളപ്പള്ളി കോണത്ത് വീട്ടിൽ വൈശാഖി(36)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. നന്തൻകോട്ടെ ബാങ്കിലെ സീനിയർ അസോസിയേറ്റ് ക്ലാർക്കാണ് ഇയാൾ.


വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മുക്കോലയ്ക്കലിലേക്കു നടന്നുപോകവേ കുളവിക്കോണത്തിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കുട്ടിയെ നിർബന്ധിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു.
   

ഭയന്നുപോയ കുട്ടി വേഗം നടന്നെങ്കിലും ഇയാൾ കുട്ടിയെ പിന്തുടർന്ന് പല സ്ഥലങ്ങളിൽ വെച്ചും കാറിന്റെ ഗ്ലാസ് താഴ്ത്തി വാഹനത്തിലേക്ക് കയറാൻ പറഞ്ഞു. പേടിച്ച് ഓടിയ കുട്ടി സമീപത്തെ പള്ളിയിലേക്ക് ഓടിക്കയറി. പിന്നീട് കാർ ആര്യനാട് ഭാഗത്തേക്ക് ഓടിച്ചുപോയി. ഈ വിവരം പള്ളിയിലെ ജീവനക്കാരോടു പറയുകയും അവർ കാറിന്റെ നമ്പർ കുറിച്ചെടുക്കുകയും ചെയ്തു.
 

കുട്ടിയുടെ പിതാവ് ഇതുസംബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും വൈശാഖിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

Post a Comment

0 Comments