Recent-Post

തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് തിരുത്തി കറങ്ങി നടന്ന യുവാക്കൾ മാസങ്ങൾക്ക് ശേഷം പിടിയിലായി



 

അടൂർ: തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് തിരുത്തി കറങ്ങി നടന്ന യുവാക്കൾ മാസങ്ങൾക്ക് ശേഷം പത്തനംതിട്ടയിൽ പിടിയിലായി. അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ബൈക്ക് നമ്പർ തിരുത്തി ഉപയോഗിച്ച രണ്ടു പ്രതികളെയാണ് നൂറനാട് പൊലീസ് പിടികൂടിയത്. പഴകുളം സ്വദേശികളായ ഷാനു(25), മുഹമ്മദ് ഷാൻ(23) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഷാനു വധശ്രമക്കേസിലടക്കം പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പെരിങ്ങനാട് പുത്തൻചന്തയിൽ പൂട്ടിവെച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ മോട്ടോർ സൈക്കിൾ മാർച്ച് 27-ന് പുലർച്ചെ 2.30-നാണ് പ്രതികൾ മോഷ്ടിച്ചത്.

 


തമിഴ്‌നാട് കന്യാകുമാരി ജില്ലയിലുള്ള ജസ്റ്റിൻ രാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ബൈക്ക്. ബൈക്ക് മോഷണം പോയെന്ന പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒന്നാം പ്രതിയായ ഷാനുവിന് അടൂർ പഴകുളം കേന്ദ്രീകരിച്ച് മാലിന്യം കൊണ്ടു പോകുന്ന വാഹനം ഉണ്ടായിരുന്നു. ഈ വാഹനം പൊലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടി അകമ്പടി പോകുന്നതിനാണ് മോഷ്ടിച്ച ബൈക്ക് പ്രതികൾ ഉപയോ​ഗിച്ചുവന്നിരുന്നത്. ഇത് പിടിക്കപ്പെടാതിരിക്കാന്‍ വാഹനത്തിന് കോഴിക്കോടുള്ള രജിസ്ട്രേഷൻ നമ്പർ പുതുതായി ഘടിപ്പിച്ചു. ഈ രജിസ്ട്രേഷൻ നമ്പരിന്റെ യഥാർത്ഥ ഉടമയായ മാറാട് സ്വദേശി മിഥുൻ വിവേക് എന്നയാൾക്ക് സ്ഥിരമായി വാഹനത്തിന്റെ നിയമലംഘനത്തിന് പിഴ അറിയിപ്പ് വന്നതോടെയാണ് പ്രതികൾ കുടുങ്ങിയത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാമറയിൽ സ്ഥിരമായി കുടുങ്ങിയതിനാൽ കോഴിക്കോടുള്ള ആര്‍ സി ഉടമ നൂറനാട് പൊലീസിൽ വിവരമറിച്ചു.



നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പ്രതികളെ അടൂർ നിന്നും വാഹനം സഹിതം പിടികൂടിയത്. അന്വേഷണത്തിൽ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയ വാഹനമാണ് പ്രതികളുടെ കൈയിലുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അടൂർ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അടൂർ സബ് ഇൻസ്പെക്ടർ എം മനീഷ്, അജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.



Post a Comment

0 Comments