
തിരുവനന്തപുരം: റേഷൻ വ്യാപാരികളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കടയടപ്പ് സമരത്തിന് ഒരു വിഭാഗം റേഷൻ ഡീലർമാർ. എന്നാൽ, റേഷൻ വിതരണം മുടങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മുന്നറിയിപ്പ് നൽകി. ഇതിനിടെ, കടയടപ്പ് സമരത്തിൽനിന്ന് ഒരു വിഭാഗം റേഷൻ സംഘടനകൾ പിന്മാറി.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
റേഷൻ വ്യാപാരികളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തത്. കിറ്റ് വിതരണത്തിന് റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശ്ശിക നൽകണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കുക, ആറുവർഷം മുമ്പ് നടപ്പാക്കിയ വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധി പരിഷ്കരിക്കുക, വൈദ്യുതി ചാർജും കട വാടകയും സർക്കാർ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അര്‍ഹരായ കുടുംബങ്ങള്‍ക്ക് റേഷന്‍ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത് സമരമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നിശ്ചയിച്ച സമയത്തിനുള്ളില്‍ റേഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗൗരവമായി കാണും. കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള സമരപരിപാടിയില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും, കൃഷ്ണപ്രസാദ് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും സമരത്തിനുണ്ടാകില്ലെന്നും 11നു കടകൾ തുറക്കുമെന്നും റേഷൻ വ്യാപാരി സംയുക്തസമിതി ചെയർമാൻ അഡ്വ. ജോണി നെല്ലൂർ അറിയിച്ചു. റേഷൻ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി വ്യാപാരികളുടെ അഭിപ്രായങ്ങളും ശിപാർശകളും അറിയിക്കുന്നതിനുവേണ്ടി താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സമരത്തിൽനിന്ന് പിന്മാറുന്നതെന്ന് ഇവർ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.