Recent-Post

ചാന്ദ്രയാൻ 3; അഭിമാനത്തോടെ കേരളവും


 

തിരുവനന്തപുരം: ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ അഭിമാനത്തോടെ കേരളവും. കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. 'ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാൻ 3 പുതിയ ചരിത്രം രചിക്കുമ്പോൾ, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തിൽ പങ്കാളികളാകുകയാണ്.' എന്നാണ് അഭിമാന നേട്ടത്തിന് പിന്നാലെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


കെൽട്രോൺ, കെ എം എം എൽ, എസ് ഐ എഫ് എൽ, ടി സി സി, കെ എ എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എയ്റോപ്രിസിഷൻ, ബി എ ടി എൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെൻ്റ്, ജോജോ ഇൻ്റസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇൻ്റർനാഷണൽ, ജോസിത് എയർസ്പേസ്, പി എം എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്.


ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാം. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നുവെന്നും പി രാജീവ് കൂട്ടിച്ചേർത്തു.


അതേസമയം, ഇന്ത്യ കരസ്ഥമാക്കിയത് ഐതിഹാസിക വിജയമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. 'ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി. ഇത്തരം ചരിത്ര മുഹൂർത്തങ്ങൾ കാണുമ്പോൾ അഭിമാനം തോന്നും. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ്', പ്രധാനമന്ത്രി പറഞ്ഞു. 'ഞാൻ ദക്ഷിണാഫ്രിക്കയിലായിരിക്കാം, പക്ഷേ എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തോടൊപ്പമായിരുന്നു. ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്. ഇത് ചരിത്ര നിമിഷമാണ്. വികസിത ഇന്ത്യയുടെ കാഹളമാണ്. ഈ വിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ താൻ അഭിന്ദിക്കുകയാണ്', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചാന്ദ്രയാൻ-3 ന്റെ ഈ നേട്ടം. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല സ്പർശിയായ പുരോഗതി സാധ്യമാവുകയുള്ളു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചാന്ദ്രയാൻ-3. ഈ നേട്ടത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments