
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ച രാവിലെ (ഇന്ന്) രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വിലാപയാത്ര കടന്നുപോകുന്നതിനാല്‍ വ്യാഴാഴ്ച എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ നാലര മുതലാണ് നിയന്ത്രണം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം മുതല്‍ കോട്ടയം വരെയാണ് ഗതാഗത നിയന്ത്രണം. ലോറികള്‍ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളെ എം.സി റോഡ് ഒഴിവാക്കി ദേശീയപാതയിലേക്ക് തിരിച്ചുവിടും. പ്രധാന ജങ്ഷനുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. വിലാപയാത്ര പ്രധാന സ്ഥലങ്ങളിൽ നിർത്തിയാകും കടന്നുപോകുക. ഇവിടങ്ങളിൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരമുണ്ടാകും. ഇതുമൂമുള്ള ഗതാഗതതടസം ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഗതാഗത നിയന്ത്രണം ഇങ്ങനെ
- വെമ്പായം ഭാഗത്തുനിന്ന് എം.സി റോഡ് വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകേണ്ടവർ കന്യാകുളങ്ങര നിന്ന് വലത്തേക്ക് തിരിഞ്ഞ് പോത്തൻകോട് വഴിയോ നെടുവേലി പന്തലക്കോട് അയിരൂപ്പാറ ശ്രീകാര്യം വഴിയോ സിറ്റിയിലേക്ക് പോകേണ്ടതാണ്.
- നെടുമങ്ങാട് നിന്ന് എംസി റോഡ് വഴി സിറ്റിയിൽ പോകേണ്ടവർ ശീമവിള മുക്ക് ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കല്ലയം കിഴക്കേ മുക്കോല വയലിക്കട വഴി സിറ്റിയിലേക്ക് പോകണം.
- നെടുമങ്ങാട് നിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോകേണ്ടവർ ശീമവിള മുക്കിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് പിഎംഎസ് ചിറമുക്ക് തേക്കട വെമ്പായം വഴി പോകണം.
- സിറ്റിയിൽനിന്ന് എം.സി റോഡ് വഴി വെഞ്ഞാറമ്മൂട് പോകേണ്ടവർ പള്ളിവിള ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറ്റിയാണി പോത്തൻകോട് വഴി തിരിഞ്ഞുപോകണം.
- സിറ്റിയിൽനിന്ന് കൊട്ടാരക്കര പോകേണ്ടവർ കന്യാകുളങ്ങര കൊഞ്ചിറ പോത്തൻകോട് മംഗലപുരം ആറ്റിങ്ങൽ വഴി പോകേണ്ടതും കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരം സിറ്റിയിൽ പോകേണ്ടവർ കിളിമാനൂർ ആറ്റിങ്ങൽ വഴി പോകേണ്ടതുമാണ്.

നാളെ കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ തുടങ്ങും.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ച ദര്‍ബാര്‍ ഹാളില്‍ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.