Recent-Post

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികളുടെ ഉദ്ഘാടനം


 

കിളിമാനൂർ: വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സർക്കാർ വളരെയേറെ പ്രധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
 


കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്‌കൂട്ടർ വിതരണം, ആവാസ് പ്ലസ് ഭവന പദ്ധതിയിലൂടെ നിർമിച്ച ഭവനങ്ങളുടെയും, പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറികളുടെയും താക്കോൽദാനം, ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച റഫറൻസ് ലൈബ്രറി എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

10 മുച്ചക്ര സ്‌കൂട്ടറുകൾക്കായി 11 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ആവാസ് പ്ലസ് ഭവന പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 130 ഗുണഭോക്താക്കൾക്ക് ഭവനനിർമാണത്തിനായി അഞ്ച് കോടി 20 ലക്ഷം രൂപയും പഠനമുറി പദ്ധതിക്കായി 95 ലക്ഷം രൂപയും വിനിയോഗിച്ചു.


ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഒ. എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments