Recent-Post

നെടുമങ്ങാട്ട് ഫാൻസിയിൽ രണ്ടു വയസുകാരിയുടെ പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ



 

നെടുമങ്ങാട്: ഫാൻസിയിൽ രണ്ടു വയസുകാരിയുടെ പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. അരുവിക്കര ആലുംമൂട് കുന്നിൻപുറത്ത് വീട്ടിൽ വട്ടിയൂർക്കാവ് കുണ്ടമൻ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീലത (44) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.





ഇക്കഴിഞ്ഞ ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഫാൻസിയിൽ സാധനം വാങ്ങാനെത്തിയ തേക്കട സ്വദേശിയായ സ്ത്രീയുടെ കയ്യിലിരുന്ന രണ്ടു വയസുള്ള കുഞ്ഞിന്റെ കാലിൽ കിടന്ന പാദസരം ശ്രീലത മോഷ്ടിക്കുകയായിരുന്നു. സാധനം വാങ്ങി പണം നല്കുന്നതിനിടെയായിരുന്നു മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൊണ്ടിമുതലും ഇവരിൽ നിന്നും കണ്ടെത്തി.


നിരവധി കേസുകളിൽ പ്രതിയാണ് ശ്രീലത. അഞ്ചോളം കേസുകൾ ഇവർക്കെതിരെയുണ്ടെന്നു പോലീസ് പറഞ്ഞു. രണ്ടായിരത്തിനാലിൽ ആണ് ഇവർ ആദ്യമായി കേസിൽ പ്രതിയാകുന്നത്. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വ്യഭിചാര കുറ്റത്തിനാണ് ഇവരെ അന്ന് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും വ്യഭിചാരത്തിനായി ആളെ വിളിച്ചു വരുത്തുകയും അയാളുടെ മാല പൊട്ടിച്ചതിനുമായിരുന്നു കേസ്. ഫോർട്ട് പോലീസ് സ്റ്റേഷനിലും കാട്ടാക്കടയിലും മോഷണം നടത്തിയതിനും ഇവർക്കെതിരെ കേസുകളുണ്ട്. സ്ഥിരമായി തിരക്കുള്ള സ്ഥലങ്ങളിൽ കറങ്ങിനടന്നു കൈക്കുഞ്ഞുങ്ങളുടെ ആഭരങ്ങൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇവർ ആദ്യഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയും രണ്ടാം ഭർത്താവുമായി കഴിഞ്ഞു വരികയായിരുന്നു.

നെടുമങ്ങാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും നെടുമങ്ങാട് എസ്എച്ച്ഒ സതീഷ്കുമാർ, എസ്ഐ ശ്രീനാഥ്, ജൂനിയർ എസ്ഐ മനോജ്, സിവിൽ പോലീസുകാരായ അഖിൽ, അനീഷ്, ഇർഷാദ്, സീമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുരുങ്ങയ സമയത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments