Recent-Post

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

 

നെടുമങ്ങാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ആനാട് നാഗച്ചേരി സ്വദേശിയായ രതീഷിനെയാണ് (43) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ചുള്ളിമാനൂർ കരിങ്കട വിവി ഹസ്സിൽ വിനീത് (38), ആനാട് കല്ലടക്കുന്ന് തടത്തരികത്തുവീട്ടിൽ മനു എന്ന മിഥുൻ (32), പനയമുട്ടം ചവറക്കോണം റോഡരികത്തുവീട്ടിൽ റിയാസ് (26), നാഗച്ചേരി അഖിൽ ഭവനിൽ അതുൽ രാജ് (25), ചവറക്കോണം നിസാം മൻസിലിൽ നിസാമുദീൻ (35), പുനവാക്കുന്ന് വട്ടറത്തല അയണീയംകാവ് വീട്ടിൽ കിരൺ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.



ഇക്കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആനാട്ടെ ടർഫിൽ ഇരുവരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമാവുകയും ചെയ്തു. അതിനെത്തുടർന്നാണ് ഒന്നാം പ്രതി വിനീത് മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും രതീഷിനെ ദേഹോപദ്രവം ഏല്പിക്കുകയും കാൽപാദത്തിലും ഇരുകാലുകളും വെട്ടിപ്പരിക്കേല്പിക്കുകയും തലയിലും ശരീരത്തിലും മുളവടികൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലേക്ക് ഒളിവിൽ പോയ പ്രതികളെ കന്യാകുമാരിയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.


നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാർ കെയുടെ നിർദേശപ്രകാരം നെടുമങ്ങാട് സിഐ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശ്രീനാഥ്, ജൂനിയർ എസ്ഐ മനോജ്, സിപിഒമാരായ അനീഷ്, അജിത്, അഖിൽ, എസ്‌സിപിഒ ബിജു, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments