നെടുമങ്ങാട്: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അക്ഷയ കേന്ദ്രങ്ങളുടെ കുറവ് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ഗ്രാമീണ - നഗര മേഖലകളിൽ നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും മറ്റു സേവനങ്ങൾ ഓൺലൈനായി വളരെ വേഗം സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷയ ഇ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഐ.ടി വിഭാഗത്തിന് കീഴിൽ ആരംഭിച്ച അക്ഷയ കേന്ദ്രങ്ങളുടെ എണ്ണത്തിലുളള കുറവ് സാധാരണക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരാതി ഉയർന്നിട്ട് ഏറെ നാളായി. ഇതുവരെയും പരിഹാരം കണ്ടെത്തുവാൻ വേണ്ട നടപടികൾ യാതൊന്നുംതന്നെ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
ഓരോ ഗ്രാമപഞ്ചായത്തിനും ഏറ്റവും കുറഞ്ഞത് ഒരു വാർഡിൽ ഒരു അക്ഷയ കേന്ദ്രമോ അല്ലെങ്കിൽ മൂന്നു വാർഡിനു ഒരു കേന്ദ്രം എന്ന കണക്കിന് അനുവദിച്ചാൽ മാത്രമേ സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണുവാൻ കഴിയുകയുളളൂ. ഇപ്പോൾ പല പ്രദേശങ്ങളിലും അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പൂർണ്ണമായും സ്വകാര്യ വ്യക്തികളുടെ കീഴിലാണ്. ഗ്രാമപ്രദേശങ്ങളിലും മറ്റും സർക്കാരിന്റെ നിയന്ത്രണത്തിൽ പൂർണ്ണമായും ഉൾക്കൊണ്ട് പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനകളോ സഹകരണ പ്രസ്ഥാനങ്ങൾക്കോ ഇവ നടത്തുന്നതിനുളള അനുമതി നൽകുകയും ഇവ ഏറ്റെടുത്ത് നടത്തുന്നതിനുളള അനുവാദം നൽകുകയും ചെയ്യണം. ഓരോ പ്രദേശത്തും രണ്ടോ മൂന്നോ വാർഡുകൾ ചേർത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് കീഴിൽ അക്ഷയ കേന്ദ്രങ്ങൾ അനുവദിച്ചാൽ കൂടുതൽ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ഇവ നടത്തിക്കൊണ്ടു പോകുവാൻ സാധിക്കും. ഈ അക്ഷയ കേന്ദ്രങ്ങൾ വഴി ഇപ്പോൾ നൽകുന്നതിനേക്കാൾ കൂടുതൽ സേവനങ്ങൾ നൽകുവാനും ഇതിലൂടെ ജനങ്ങളുടെ ആവശ്യമായി വരുന്ന സേവനങ്ങളുടെ ലഭ്യത എളുപ്പമാക്കുവാനും സാധിക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.