Recent-Post

മയക്കുമരുന്നുകളും മാരകായുധങ്ങളുമായി യുവാവിനെ നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തു



നെടുമങ്ങാട്:
മാരക മയക്കുമരുന്നുകളും മാരകായുധങ്ങളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ചെല്ലാംകോട് മുറിയിൽ കിഴക്കേകോണം ചിറക്കരയിൽ അൻസിയ മൻസിലിൽ പരിശോധന നടത്തിയതിൽ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൂവത്തൂർ ചിറക്കര കിഴക്കേകോണം വീട്ടിൽ കമ്പി റാഷിദ് എന്ന് വിളിക്കുന്ന മുഹമ്മദ് റാഷിദിനെ (24) ആണ് നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തത്.




തേക്കട, വെമ്പായം, കന്യാകുളങ്ങര, വെഞ്ഞാറമൂട്, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർത്ഥികളിലും യുവാക്കൾക്കുമിടയിൽ വൻതോതിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടപ്പാറ, വെമ്പായം, തേക്കട തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 5 പോളിത്തീൻ കവറുകളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 17.21 ഗ്രാം എംഡിഎംഎയും 50ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. മയക്കുമരുന്ന് വിൽപ്പന നടത്തി കിട്ടിയ 6000 രൂപയും വടിവാൾ, എയർഗൺ ഉൾപ്പെടെയുള്ള മാരകായുധങ്ങളും മൊബൈൽ ഫോണും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എൻഡിപിഎസ് നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.


വെമ്പായം, തേക്കട, വെഞ്ഞാറമൂട്, കന്യാകുളങ്ങര, വട്ടപ്പാറ തുടങ്ങിയ മേഖലകളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്സ് വില്പന നടത്തുന്ന വലിയ ഗ്യാങ്ങിന്റെ പ്രധാനിയാണ് ഇയാൾ. സംസ്ഥാനത്ത് പുറത്തുനിന്നും ഇത്തരത്തിലുള്ള സിന്തറ്റിക് ഡ്രഗ്സ് കടത്തിക്കൊണ്ടുവന്ന് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും എക്സൈസ് അറിയിച്ചു. ഇത്തരത്തിലുള്ള കൊമേഷ്യൽ ക്വാണ്ടിറ്റി എൻഡിപിഎസ് കേസ് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ രഞ്ജിത്ത്, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഷജിം, സജി, രാജേഷ് കുമാർ, രജിത എക്സൈസ് ഡ്രൈവർ മുനീർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments