Recent-Post

ആനപ്പാറയിൽ കുടുംബശ്രീ കൂട്ടായ്മയുടെ തീറ്റപ്പുൽ കൃഷി വിളവെടുപ്പ്



വിതുര: ആനപ്പാറയിൽ കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ തീറ്റപ്പുൽ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. ബി. നജീബ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു.



കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി മൃഗസംരക്ഷണ മേഖലയുമായി ചേർന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള തീറ്റപുൽ കൃഷി പദ്ധതി നടപ്പിലാക്കുന്നത് വിതുര സി.ഡി.എസിലാണ്. ഈ പദ്ധതി ഏറ്റെടുത്ത് കൊണ്ട് ആനപ്പാറ വാർഡിലെ കുടുംബശ്രീ എ.ഡി.എസിലെ രാജീവം ജെ.എൽ.ജി. യൂണിറ്റിന്റെ നേതൃത്വത്തിലാണ് തീറ്റപ്പുൽ കൃഷി നടത്തിയത്. രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ്‌ അഞ്ച് പേരടങ്ങുന്ന പെൺ കൂട്ടായ്മ തീറ്റപ്പുൽ കൃഷി നടത്തിയത്.


അഞ്ച് പേരടങ്ങുന്ന വനിതാ കൂട്ടായ്മ സ്ഥലം പാട്ടത്തിനെടുക്കുകയും അവിടെ അവരുടെ അദ്ധ്വാനത്തിൽ കൃഷി ചെയ്യുകയുമായിരുന്നു. ആദ്യ ശ്രമം ആയത് കൊണ്ട് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവയെല്ലാം തരണം ചെയ്താണ്‌ തീറ്റപ്പുൽ വിളവെടുപ്പിന് സജ്ജമാക്കിയത്. നാലായിരം കിലോയോളം തീറ്റപ്പുൽ ആദ്യ ഘട്ടം വളർന്നിട്ടുണ്ട്. സ്വന്തം പണം മുടക്കി പുതിയൊരു ദൗത്യം ഏറ്റെടുത്ത ഇവർക്ക് ഇത് വിറ്റ്കിട്ടുന്നതാണ്‌ ലാഭമായുള്ളത്. അതിനായി ആവശ്യക്കാരായ കർഷകരെ ഇവർ സമീപിക്കുന്നുണ്ട്.

തീറ്റപ്പുൽ ആദ്യ വിൽപ്പന സിഡിഎസ് ചെയർപേഴ്സൺ സി.എസ്.ഉഷാകുമാരി നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൽ.ശ്രീലത, കുടുംബശ്രീ എ.ഡി.എം.സി ശ്രീകല, ഡി.പി.എം റീന, ബ്ലോക്ക്‌ കോഡിനേറ്റർ അഭിറാം, സി.ഡി.എസ്. അംഗങ്ങളായ ജ്യോതിർമയി, രാധാമണി, സിമി, എ.ഡി.എസ്. ചെയർപേഴ്സൺമാരായ ബി.അംബിക, ഒ.ശകുന്തള തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments