Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേട് ലൈംഗിക അതിക്രമം നടത്തിയ കെഎസ്ഇബി ലൈൻമാന് കോടതി തടവും പിഴയും



ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കെഎസ്ഇബി ലൈൻമാന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.



മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനെയാണ് കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.2016 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വീടിനു സമീപം വൈദ്യുതി കണക്ഷൻ ശരിയാക്കുവാനായി വന്ന ലൈൻമാൻ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം കതകിൽ മുട്ടി വിളിച്ച് അതിക്രമിച്ച് കയറി പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിനാസ്പദമായ സംഭവവും, പ്രതിയെയും നേരിൽ കണ്ടതായി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യ മൊഴി നൽകിയ സമീപവാസികളും, പ്രതിക്കൊപ്പം ജോലി ചെയ്ത ആളും ഉൾപ്പെടെ പ്രധാന സാക്ഷികൾ കോടതിയിൽ കൂറുമാറിയിരുന്നു.
 

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിലേക്കുള്ള നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രതിക്ക് മൂന്ന് വർഷം കഠിനതടവും, ഇരുപതിനായിരം രൂപ പിഴ ശിക്ഷയും, വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരം മൂന്ന് മാസം കഠിനതടവും 10,000/- രൂപ പിഴ ശിക്ഷയും കോടതി ശിക്ഷ വിധിച്ചു. ഇരുപതിനായിരം രൂപ പിഴത്തുക കെട്ടിവയ്ക്കുന്ന പക്ഷം ആയത് വിക്ടിം കോമ്പൻസേഷൻ എന്ന നിലയ്ക്ക് അതിജീവിതയ്ക്ക് നൽകണമെന്നും, പിഴ തുക കെട്ടിവെക്കുവാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ആറുമാസം കഠിന തടവ് കൂടുതലായി അനുഭവിക്കണമെന്നും വിധിയുത്തരവ് ഉണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ ഉണ്ട്.

പള്ളിക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കിരൺ ടി ആർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.


Post a Comment

0 Comments