നെടുമങ്ങാട്: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതിരോധ ജാഥയിൽ പങ്കെടുത്ത് തിരികെ പോയ ജീപ്പിടിച്ച് സൈക്കിളിൽ സഞ്ചരിച്ചിരുന്ന സ്കൂൾ വിദ്യാർഥികളായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. നിർത്താതെ പോകാൻ ശ്രമിച്ച വാഹനം നാട്ടുകാർ തടഞ്ഞിട്ടു. വേങ്കവിള രാമപുരം ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികളായ അഭിജിത്ത് (12) കാർത്തിക് (12) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത് .


സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ പങ്കെടുക്കാൻ എത്തിയ ഡിവൈഎഫ്ഐ കണിയാപുരം ഏരിയ ഭാരവാഹികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് സ്കൂൾ വിദ്യാർത്ഥികളെ ഇടിച്ചു വീഴ്ത്തിയശേഷം കടക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വേങ്കവിള ജംങ്ഷനിൽ ആയിരുന്നു സംഭവം.



പരീക്ഷ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ വേങ്കവിള ജംഗ്ഷന് മുന്നിൽ വച്ചായിരുന്നു അമിതവേഗതയിൽ എത്തിയ ജീപ്പ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും തെറിച്ച് റോഡിൽ വീഴുകയായിരുന്നു. അഭിജിത്തിന് തലയ്ക്ക് 15 തയ്യൽ ഉണ്ട്. കാർത്തിക്കിന് തലയ്ക്കും ശരീരത്തിനും പരിക്കുണ്ട്. കാലിൻറെ എല്ലിനും പൊട്ടലുണ്ട്.

തെറ്റായ ദിശയിൽ വന്ന കാർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി വാഹനം കസ്റ്റഡിയിലെടുത്ത് മാറ്റി.പരിക്കേറ്റ വിദ്യാർത്ഥികളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സ്കാനിങ്ങിൽ തലയുടെ പരിക്ക് സാരമുള്ളതായി കണ്ടെത്തിയതി തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് പോലീസ് കേസെടുത്തു. അപകടത്തിൽപ്പെട്ട ജീപ്പ് പാർട്ടി പരിപാടിക്ക് വന്നതല്ലയെന്നും കുടുംബ സഞ്ചരിച്ചിരുന്ന വാഹനമാണെന്നും വാഹന ഉടമയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും നെടുമങ്ങാട് പോലിസ് പറഞ്ഞു.
അടുത്തിടെ പഴകുറ്റി പാലം ഉദ്ഘാടനം കഴിഞ്ഞിരുന്നുവെങ്കിലും വെമ്പായം - പഴകുറ്റി റോഡ് പണി പൂർത്തിയാകാത്തതിനാൽ റോഡ് പൂർണമായും വാഹനഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ടായിരുന്നില്ല. സിപിഎം ജാഥയ്ക്കായി കഴിഞ്ഞ ദിവസങ്ങളിൽ യുദ്ധകാല അടിസ്ഥാനത്തിൽ ടാറിങ് നടത്തി വലിയ വാഹനങ്ങൾ ഉൾപ്പെടെ പഴകുറ്റിപ്പാലം വഴി ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. വേങ്കവിള ജംഗ്ഷന് മുന്നിലുള്ള വളവിൽ എതിർശയിൽ വരുന്ന വാഹനങ്ങൾ കാണാനാകാതെ അപകടങ്ങൾക്കിടയാക്കുന്നതായും ആക്ഷേപമുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.