നെടുമങ്ങാട്: തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ കൃഷിദർശൻ പരിപാടിക്ക് തിളക്കമാർന്ന തുടക്കം. 'നാടിന് നല്ലത് മഞ്ഞൾ കൃഷി' എന്ന സന്ദേശം വിളിച്ചോതുന്ന കൃഷിദർശൻ കാർഷിക പ്രദർശനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കാർഷിക രംഗത്ത് വലിയ മുന്നേറ്റമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദന രംഗത്ത് മുന്നേറാൻ കഴിഞ്ഞാൽ കേരളത്തിന്റെ ഭാവിക്ക് ഗുണകരമാണെന്നും കർഷകൻ്റെ വരുമാനം വർദ്ധിപ്പിക്കുന്ന കൃഷിയെക്കുറിച്ച് ചിന്തിച്ച് പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അവയ്ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. നെടുമങ്ങാട് ബ്ലോക്കിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭയിലെയും കർഷകർക്ക് പുതിയ അവസരങ്ങൾ നൽകുന്നതാണ് പരിപാടി. കൃഷി മന്ത്രി പി. പ്രസാദ്, ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ എന്നിവർ മൂന്ന് ദിവസം മണ്ഡലത്തിൽ താമസിച്ച് കർഷകരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും.
കല്ലിംഗൽ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ 50 സ്റ്റാളുകളുണ്ട്. കാർഷിക ഉത്പന്നങ്ങൾ, ഉപകരണങ്ങൾ, മൂല്യ വർദ്ധിത വസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. ഈ മാസം 28 വരെ നീണ്ടുനിൽക്കുന്നതാണ് പ്രദർശനം. അന്ന് വൈകുന്നേരം ജില്ലയിലെ കൃഷിക്കൂട്ട സംഗമത്തോടും റാലിയോടും കൂടി പരിപാടികൾ അവസാനിക്കും.
ഉദ്ഘാടന ചടങ്ങുകൾക്ക് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.