Recent-Post

കർഷക വരുമാന വർദ്ധനവിന് കൃഷിയിടാധിഷ്ഠിത പദ്ധതി ആസൂത്രണം: കൃഷിമന്ത്രി പി പ്രസാദ്


 

നെടുമങ്ങാട്: കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിൽ നിന്നും മാറി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രത്തിനാണ് കൃഷിവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ആസൂത്രണം നടപ്പിലാക്കുന്നതിലൂടെ മൂല്യ വർദ്ധിത സംരംഭകത്വ സാദ്ധ്യതകൾ കണ്ടെത്തുന്നതിനും, അതിലൂടെ കർഷകന് വരുമാനം വർദ്ധിപ്പിക്കുവാനും കഴിയുമെന്ന്‌ മന്ത്രി പറഞ്ഞു. വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്ന് സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരെയും കൃഷിയിടങ്ങളെയും സന്ദർശിച്ച് അവലോകനം നടത്തുന്ന കൃഷിദർശൻ പരിപാടിയുടെ നെടുമങ്ങാട് ബ്ലോക്കിലെ ആദ്യദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതായി ലായിരുന്നു തദ്ദേശസ്ഥാപന അധ്യക്ഷന്മരുടെയോഗം നടന്നത്.




തദ്ദേശ സ്വയംഭരണ വകുപ്പുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് മൂല്യ വർദ്ധനവിലും വിപണനത്തിലും കൂടുതൽ സഹായങ്ങൾ ചെയ്യുവാൻ കഴിയും. പ്രാദേശിക അടിസ്ഥാനത്തിൽ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും വേണ്ട യന്ത്രങ്ങൾ, ചെറുകിട സംസ്കരണ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് ഈ സ്ഥാപനങ്ങൾക്ക് സഹായിക്കാനാകും. കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂടി ഉൾപ്പെടുത്തി സംയോജിത പദ്ധതികൾ തയ്യാറാക്കുവാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത് .


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി നൽകുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ വന്യജീവി ആക്രമണം തടയുന്നതിനായി ആർ കെ വി വൈ പദ്ധതിയിൽ ഉൾപ്പെടുത്തി സോളാർ ഫെൻസിങ് സംവിധാനത്തിനുള്ള ധനസഹായം അടുത്തവർഷം മുതൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ ഉത്പന്നങ്ങൾക്ക് ഹോർട്ടികോർപ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുവാനുള്ള തുകയ്ക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതാണ്. സംസ്ഥാനതലത്തിൽ തന്നെ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിച്ചുകൊണ്ട് ഉത്പാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.


കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം എന്നതാണ് കൃഷിദർശൻ കൊണ്ട് ഉദ്ദേശിക്കുന്നത്. തൃശ്ശൂരിൽ മൂന്നും തലശ്ശേരിയിൽ അഞ്ചും കർഷക സൗഹൃദ ഉത്തരവുകളാണ് കൃഷി ദർശന്റെ ഭാഗമായി കൃഷിയിടത്തിൽ നിന്നും പുറപ്പെടുവിക്കാൻ ആയത്. 2109 കോടി രൂപയുടെ പദ്ധതി മൂല്യ വർദ്ധന മേഖലയിൽ ആരംഭിക്കുകയാണ്. കർഷകർ ഇത് പ്രയോജനപ്പെടുത്തണമെന്നും കൃഷി മന്ത്രി അഭിപ്രായപ്പെട്ടു. ഇപ്പോൾ തന്നെ കൃഷി വകുപ്പിന്റെ അറുപതിൽ പരം ഉൽപ്പന്നങ്ങൾ ആമസോൺ അടക്കമുള്ള ഓൺലൈൻ വിപണന പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുവാൻ തയ്യാറായിട്ടുണ്ട്. മൂല്യ വർദ്ധിത സംരംഭകത്വ സാധ്യതകൾക്ക് വഴിതെളിക്കുന്നതിനായി മൂല്യ വർദ്ധിത കൃഷി മിഷൻ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. കാർഷിക ബിസിനസ് പദ്ധതികൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കേരള അഗ്രി ബിസിനസ് കമ്പനി (KABCO) യും ഉടനെ നിലവിൽ വരുന്നതാണ് എന്നും മന്ത്രി അറിയിച്ചു. വിവിധ തദ്ദേശ സ്വയംഭരണ മേധാവികൾ ഉന്നയിച്ച പ്രശ്നങ്ങൾക്കും മന്ത്രി മറുപടി നൽകുകയുണ്ടായി.

കർഷക വരുമാനം വർദ്ധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തീരുമാനങ്ങളുമായിരിക്കും കൃഷി ദർശന്റെ ആത്യന്തികലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. പഴം- പച്ചക്കറി -മൃഗസംരക്ഷണ രംഗത്ത് സംസ്ഥാനത്തിന് ഏറെ മുന്നേറുവാനും സ്വയം പര്യാപ്തതയ്ക്ക് അടുത്ത് എത്തുവാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ നെല്ലുൽപാദനത്തിൽ ഇനിയും നമ്മൾ സാധ്യതകൾ മുതലാക്കേണ്ടതുണ്ട്. തരിശുനിലങ്ങൾ പൂർണമായും കതിരണിയണം. കഴിഞ്ഞവർഷം 4.7 ലക്ഷം മെട്രിക് ടൺ നെല്ലാണ് സർക്കാർ സംഭരിച്ചത്. ഒരു വർഷത്തേക്ക് നമുക്ക് ആവശ്യമായ നെല്ലിന്റെ അളവ് 16.5 ലക്ഷം മെട്രിക് ടണ്ണുമാണ്. പൊതുവിതരണ ശൃംഖലകളിൽ കൂടിയുള്ള അരി വിതരണം മുൻഗണനാ വിഭാഗത്തിന് മാത്രമായി ചുരുക്കുവാനുള്ള സമീപനത്തിലേക്ക് കേന്ദ്രം നീങ്ങുകയാണെന്നും ആയതിനാൽ ഭക്ഷ്യ ഉല്പാദനരംഗത്ത് സംസ്ഥാനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജി ആർ അനിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കൃഷി സെക്രെട്ടറി ബി അശോക് ഐ എ എസ്, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സുബ്രഹ്മണ്യം ഐ ഇ എസ്, WTO സെൽ സ്പെഷ്യൽ ഓഫീസർ ആരതി എൽ ആർ ഐ ഇ എസ്, കൃഷി അഡിഷണൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡിഷണൽ ഡയറക്ടർമാർ, കൃഷി- കാർഷിക അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പ് ഡയറക്ടർ സുഭാഷ് ടിവി ഐഎഎസ് സ്വാഗതവും തിരുവനന്തപുരം ജില്ലാ കൃഷി ഓഫീസർ ബൈജു സൈമൺ നന്ദിയും പറഞ്ഞു.

Post a Comment

0 Comments