Recent-Post

മലയോര മേഖലയിൽ വീണ്ടും പനി ശക്തമാകുന്നു



 

വിതുര: മലയോര മേഖലയിൽ വീണ്ടും പനി ശക്തമാകുന്നു. പനി, ശരീരവേദന, ജലദോഷം, തുമ്മൽ, ശ്വാസതടസം, കഫക്കെട്ട്, തലവേദന എന്നീ അസുഖങ്ങളാണ് മലയോരവാസികളിൽ വ്യാപിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. വിതുര ഗവ. താലൂക്കാശുപത്രി, തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെല്ലാം രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ആദിവാസികളടക്കം ആയിരങ്ങളാണ് സർക്കാർ ആശുപത്രികളിൽചികിത്സ തേടിയെത്തുന്നത്. രണ്ടാഴ്ചയ്ക്കിടയിൽ രോഗബാധിതരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. ആശുപത്രികളിൽ കിടത്തി ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.


മഞ്ഞുവീഴ്ചയും തണുപ്പും രോഗത്തിന്റെ ആധിക്യം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അനവധി പേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിലും രോഗം വ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും സൗജന്യ റേഷൻ നൽകണമെന്നുമുള്ള ആവശ്യം ശക്തമാണ്. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന മലയോരമേഖലയിൽ അനവധി ജീവനുകൾ കൊവിഡ് കവർന്നെടുത്തിരുന്നു.


കൊവിഡിന് ശേഷം വീണ്ടും പനി പിടിമുറുക്കിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. അരുവിക്കര നിയോജക മണ്ഡലത്തിലെ ആര്യനാട്, പൂവച്ചൽ, കുറ്റിച്ചൽ, ഉഴമലയ്ക്കൽ, വെള്ളനാട്, അരുവിക്കര, വിതുര, തൊളിക്കോട് തുടങ്ങിയ 8 പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാണ്. രോഗം ബാധിച്ചതിൽ ഏറെയും കുട്ടികളാണ്. വിദ്യാർത്ഥികൾക്കിടയിൽ രോഗം വ്യാപിച്ചതോടെ സ്കൂളുകളിലെ ഹാജർനിലയിലും കുറവ് വന്നിട്ടുണ്ട്.


 
  


    
    

    




Post a Comment

0 Comments