നെടുമങ്ങാട്: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒ പി മുടക്കം പതിവാകുന്നതായി പരാതി. ചികിത്സ തേടി എത്തുന്നവർക്ക് ആവശ്യമായ എല്ലാവിധ പശ്ചാത്തല സൗകര്യങ്ങളും സർക്കാരും ജില്ലാ പഞ്ചായത്തും ഒരുക്കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ഡോക്ടർമാരുടെ അലംഭാവമാണ് രോഗികൾക്ക് ദുരിതം സമ്മാനിക്കുന്നത്. ശ്വാസകോശം, ത്വക്ക് രോഗ വിഭാഗങ്ങളിലെ ഡോക്ടർമാർ സ്ഥിരമായി ഒപികളിൽ ഹാജരാകുന്നില്ലെന്നാണ് പരാതി ശക്തമായിട്ടുള്ളത്. ഈ വിഭാഗം ഡോക്ടർമാർ ആശുപത്രിയുടെ സമീപത്തെ സ്വകാര്യ പ്രാക്ടീസ് റൂമുകളിൽ മാത്രമേ രോഗികളെ പരിശോധിക്കാറുള്ളൂ എന്നും പരാതിയുണ്ട്. കൃത്യമായി പ്രവർത്തിക്കുന്ന ജനറൽ മെഡിസിൻ, ജനറൽ ഒ പി, ഗൈനിക്, പീഡിയാട്രിക്, കാഷ്വാലിറ്റി, സർജറി വിഭാഗങ്ങളിൽ എപ്പോഴും രോഗികളുടെ തിക്കും തിരക്കുമാണ്.
ആത്മാർത്ഥതയുള്ള ഈ ഡോക്ടർമാർ ഡ്യൂട്ടി സമയം കഴിഞ്ഞും ഓ പിയിൽ തങ്ങി രോഗികളെ പരിശോധിക്കുന്നതാണ് ആശ്വാസകരം. മറ്റ് ഓ പികൾ കൂടി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ഏറെ ആശ്വാസമായേനെ.
ഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടർമാരെ കണ്ടെത്തി നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.