Recent-Post

ഉദ്യോഗാർഥികളിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ റെയിൽവേ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നു പണം തട്ടിയെടുത്ത കേസിൽ റെയിൽവേ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വേളി സ്റ്റേഷനിലെ കോച്ചസ് ആൻഡ് വാഗൺ ഡിവിഷനിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഹെൽപ്പർ തമ്പാനൂർ സ്വദേശി വി. മുരുഗേശപിള്ളയെ (48) ആണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി തട്ടിപ്പു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഇയാൾ 4 കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണു പരാതി. പാറശാല സ്വദേശിയിൽ നിന്ന് 2019 ഡിസംബറിൽ 5 ലക്ഷം രൂപ വാങ്ങിയെങ്കിലും ജോലി ലഭിച്ചില്ലെന്നും പണം തിരികെ നൽകിയില്ലെന്നും പരാതിയുണ്ടായി. 2022 മാർച്ച്‌ 30 ന്‌ പണം നൽകാമെന്ന്‌ ഒത്തുതീർപ്പിലെത്തിയെങ്കിലും പണം തിരികെ നൽകാൻ തയാറാകാതിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പത്തും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ രണ്ടും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഒളിവിലായിരുന്ന മുരുഗേശപിള്ളയെ കഴിഞ്ഞ രാത്രി റെയിൽവേ ക്വാർട്ടേഴ്സിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിയമാനുസൃതമല്ലാതെ അവധിയിലായതിന് റെയിൽവേ കാരണം ചോദിച്ചിട്ടുണ്ട്. എസ്‌ആർഎംയു നേതാവായ ഇയാൾക്കെതിരെ നേരത്തെ റെയിൽവേ ജീവനക്കാരി‍ൽ നിന്നു പണം തട്ടിയെന്ന ആരോപണമുണ്ടായിരുന്നു. തുടർന്ന് അച്ചടക്ക നടപടിക്കു വിധേയനായിട്ടുണ്ട്. നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു കൊച്ചുവേളിയിലേക്കു സ്ഥലം മാറ്റമായത്. സർവീസിൽ നിന്നു തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്.
 
  


    
    

    




Post a Comment

0 Comments