Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നാലു പതിറ്റാണ്ടായി നൂറിലധികം കുടുംബങ്ങൾ പട്ടയത്തിനുവേണ്ടി അലയുന്നു

കഴിഞ്ഞ നാലു പതിറ്റാണ്ടായി തേക്കിൻകാലയിലെ നൂറിലധികം
ആര്യനാട്: കഴിഞ്ഞ നാലു പതിറ്റാണ്ടായി തേക്കിൻകാലയിലെ നൂറിലധികം കുടുംബങ്ങൾ പട്ടയത്തിനുവേണ്ടി അലയുകയാണ്. കുട്ടികളെ പഠിപ്പിക്കാനാവുന്നില്ല. പെൺമക്കളെ കെട്ടിച്ചുവിടാനാകുന്നില്ല. ഒരു വായ്പയെടുക്കാനായി ഏതെങ്കിലും ബാങ്കിലെത്തിയാൽ കണ്ണീരോടെ മടങ്ങേണ്ട ഗതികേട്. പുനരധിവാസത്തിന്റെ ഭാഗമായി സർക്കാർ കെട്ടിക്കൊടുത്ത ഇത്തിരിപ്പോന്ന ചോർന്നൊലിക്കുന്ന കൂരകളിലാണ് ഈ കുടുംബങ്ങളുടെ താമസം.

ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം തേക്കിൻകാല ഹൗസിങ് ബോർഡ് കോളനിയിലെ കുടുംബങ്ങളുടെ സ്ഥിതി ദയനീയമാണ്. നേരത്തെ ഇവിടെ 200-വീട്ടുകാർ ഉണ്ടായിരുന്നു. ഇവിടെ ജീവിതം കരുപ്പിടിപ്പിക്കാൻ ആവില്ലെന്നു മനസ്സിലാക്കി ബാക്കിയുള്ളവരെല്ലാം മണ്ണും വീടും ഉപേക്ഷിച്ചുപോയി. ഇപ്പോൾ 100-ൽ താഴെ കുടുംബങ്ങളാണ് അവശേഷിക്കുന്നത്. 1980-ലാണ് സംസ്ഥാന ഭവനനിർമാണ ബോർഡ് 200-വീടുകൾ പണിത് കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്.

ഒരു മുറി, ചെറിയ ഹാൾ, അടുക്കള, ശുചിമുറി ഇത്രയും ചേർന്നതായിരുന്നു വീട്. രണ്ടുവർഷത്തിനുള്ളിൽ ഓടിട്ട മേൽക്കൂരകൾ തകർന്നു. ഭൂരിഭാഗം വീടുകളും ചോർന്നൊലിക്കാൻ തുടങ്ങി. നിലവിൽ വീടുകളുടെ മുകളിൽ ടാർപോളിൻ പുതച്ചാണ് ഈ പാവങ്ങൾ നനയാതെ കഴിയുന്നത്. സ്വന്തമായി കിണറുള്ളവർ ചുരുക്കം. ആശ്രയം പൈപ്പ് വെള്ളമാണ്.

ഒരു ലോണെടുത്ത് വീടൊന്ന് പുതുക്കാമെന്നുവച്ചാൽ കരം തീരുവയും പട്ടയവുമില്ലാത്തതിനാൽ ബാങ്കുകാർ ഇവരെ ആട്ടിയോടിക്കും. മാറിവരുന്ന സർക്കാരുകൾ ഇവർക്ക് നൽകുന്ന വലിയ വാഗ്ദാനമാണ് പട്ടയം. വോട്ടവകാശമുള്ള ഇവർക്ക് നാലുപതിറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയം നേടിക്കൊടുക്കാൻ ഒരു ജനപ്രതിനിധിക്കും ഇതുവരെ സാധിച്ചിട്ടില്ല. അവഗണനയുടെ നാൽപ്പതുവർഷം കോട്ടയ്ക്കകം ഹൗസിങ്‌ ബോർഡ് കോളനിയിലെ താമസക്കാർക്കായി പാർപ്പിട സമുച്ചയം നിർമിച്ച് നൽകുമെന്നും കുടുംബശ്രീയുമായി സഹകരിച്ച് തൊഴിൽയൂണിറ്റുകൾ സ്ഥാപിക്കുമെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയവരെ കാണാനേയില്ല. ഭവനനിർമാണ ബോർഡിൽ അടയ്‌ക്കേണ്ട കുടിശ്ശിക അടയ്‌ക്കാൻ കഴിയാത്തതാണ് പട്ടയം നൽകാത്തതിനു കാരണം. സർക്കാർ കുടിശ്ശിക അടച്ചുതീർത്ത് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കണം. ജീവൻ പണയം വച്ചാണ് വീടുകൾക്കുള്ളിൽ കഴിയുന്നത്. 40 വർഷം കഴിഞ്ഞിട്ടും ഒരു പൊതുകിണർ നിർമിക്കാൻപോലും അധികൃതർക്കായിട്ടില്ല.

 
  


    
    

    




Post a Comment

0 Comments