കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബുവും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ഇതില്‍ ബാബു 12 ന് മരിച്ചിരുന്നു. എന്നാല്‍ ഇത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ലാല്‍മോഹന്‍ ശരിക്കും മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
കഴിഞ്ഞ 11 ന് മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലാല്‍മോഹനേയും അതേ ദിവസം തന്നെ അപകടത്തില്‍പ്പെട്ട ബാബുവിനേയും അടുത്തടുത്ത സമയങ്ങളില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. രണ്ടുപേരുടെയും കേസ് നമ്പരുകളും അടുത്തടുത്തതായിരുന്നു. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐസിയുവിലേയ്ക്കും ലാല്‍മോഹനെ ഐസിയുവിലേയ്ക്കും അഡ്മിറ്റ് ചെയ്തു.
ലാല്‍മോഹന്റെ അപകടം അറിഞ്ഞെത്തിയ ബന്ധുക്കളെ ഐ.സി.യു.വിലേയ്ക്ക് മാറ്റിയ ബാബുവിന്റെ ബന്ധുക്കളാണെന്ന് തെറ്റിദ്ധരിച്ച ആശുപത്രി അധികൃതർ അവരെ അങ്ങോട്ടേക്ക് പറഞ്ഞുവിടുകയായിരുന്നു. ശേഷം 12 ന് ബാബു മരിച്ചപ്പോൾ മരിച്ചത് ലാൽമോഹൻ ആണെന്ന തെറ്റിദ്ധാരണയിൽ ബന്ധുക്കൾ മലയിൻകീഴ് പോലീസിനെ അറിയിക്കുകയും മേൽനടപടികൾ പൂർത്തിയാക്കി ശവസംസ്ക്കാരം നടത്തുകയും ചെയ്തു. എന്നാൽ ഈ സമയം ശരിക്കും ലാല്‍മോഹന്‍ അജ്ഞാതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാത്രമല്ല കുടുംബവുമായി അകന്നുകഴിയുന്ന നരുവാമൂട് സ്വദേശിയായ ബാബു അപകടത്തില്‍പ്പെട്ട വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നുമില്ല. ഇദ്ദേഹം വല്ലപ്പോഴും മാത്രമേ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. പിന്നീട് ബാബുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിന് നൽകിയ പ്രതിയെ തുടർന്നാണ് അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ ബാബു എത്തിയതായി അറിയുന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിൽ ബാബു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
ഇതറിഞ്ഞു ബാബുവിന്റെ ബന്ധുക്കൾ ബുധനാഴ്ച ആശുപത്രിയിലെത്തിയപ്പോൾ മൃതദേഹം കാണിച്ചപ്പോഴാണ് ആളുമാറി സംസ്‌കരിച്ച വിവരം പുറം ലോകം അറിയുന്നത്. ലാല്‍മോഹനാണെന്ന് കരുതി ബാബുവിനെ പരിചരിക്കുകയും മരണാനന്തര ക്രിയകള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്തിട്ടും ആളെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിയാതെ പോയതാണ് പോലീസിനെ കുടുക്കിയത്.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.