Recent-Post

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം; കോവിഡ് അവലോകന യോഗത്തിൽ തീരുമാനം

നെടുമങ്ങാട്: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതിയായിട്ടുണ്ട്.


ഇതുവരെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ല. പകുതി സീറ്റുകളേ ക്രമീകരിക്കാവൂ. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും തുറന്നിടണം. ഇവിടങ്ങളിൽ തൊഴിലാളികളും രണ്ട് ഡോസ് വാക്സീൻ എടുത്തവരാകണം.

നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകൾ ഒഴിവാക്കി. വാക്സിൻ സർട്ടിഫിക്കറ്റ്, ആർട്ടിപിസിആർ, രോഗമുക്തി സർട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല. ഇന്ഡോർ സ്റ്റേഡിയങ്ങൾ, നീന്തൽക്കുളം എന്നിവയുടെ പ്രവർത്തനം അനുവദിക്കാം. ഇവിടെയും വാക്സിനേഷൻ എടുത്തവരെയാകണം പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്സീൻ എടുത്തവരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
  


  


    
    

    


Post a Comment

0 Comments