കോട്ടയം: വീട് വാടകയ്ക്ക് എടുത്ത് അടുത്ത മോഷണത്തിനായി ആസൂത്രണം ചെയ്യുന്നതിനിടെ പാലായിൽ ആഡംബര ബൈക്കിലെത്തി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിലായി. രാമപുരം മാനത്തൂരിൽ പെട്ടിക്കട നടത്തുകയായിരുന്ന കുറ്റി പൂവത്തിങ്കൽ അമ്മിണിയുടെ മാല പൊട്ടിച്ചെടുത്ത സംഘത്തിലെ മൂന്നു പേരെയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും രാമപുരം പോലീസ് സംഘം പിടികൂടിയത്. പള്ളിപ്പുറം പാച്ചിറ ചായിപുറത്ത് ഷെഫീക്ക് മൻസിലിൽ ഷെഫീഖ് (23) സഹോദരൻ ഷമീർ (20) രാമപുരം മങ്കുഴി ചാലിൽ അമൽ (20) എന്നിവരാണ് കഴക്കൂട്ടത്തുള്ള വാടകവീട്ടിൽ നിന്നും പിടിയിലായത്. കഴിഞ്ഞ മാസം 31 ആം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
അമ്മിണിയുടെ കടയ്ക്ക് സമീപമെത്തിയ ഷമീറും അമലും ബൈക്ക് ഓഫ് ചെയ്യാതെ 10 മീറ്റർ അകലെ വണ്ടി നിർത്തി. തുടർന്ന്, ഷമീർ ബൈക്കിൽ നിന്നും ഇറങ്ങി കടയിൽ എത്തി അമ്മിണിയോട് സോഡാ നാരങ്ങാ വെള്ളം ആവശ്യപ്പെടുകയായിരുന്നു. നാരങ്ങാവെള്ളം എടുക്കുവാനായി കടയുടെ പുറകിലേക്ക് പോയ അമ്മിണിയുടെ കഴുത്തിൽ കിടന്നിരുന്ന ഒരു പവൻ സ്വർണമാല ഷമീർ പൊട്ടിച്ചെടുത്ത് ഓടി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കോട്ടയം ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയായ അമൽ ഷെമീറിനും ഷെഫീക്കിനുമൊപ്പം കഴക്കൂട്ടത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. അടുത്ത മോഷണം നടത്തുന്നതിനായി ഷെഫീഖ് ആയിരുന്നു വീട് വാടകയ്ക്ക് എടുത്തിരുന്നത്. മറ്റൊരു മോഷണക്കേസിൽ മൂന്നു വർഷത്തെ ജയിൽവാസത്തിനുശേഷം ജനുവരി ഒന്നിനാണ് ഷമീർ ജാമ്യത്തിൽ ഇറങ്ങിയത്. തിരുവനന്തപുരം കൊല്ലം കോട്ടയം ജില്ലകളിലെ മാലപൊട്ടിക്കൽ ഉൾപ്പെടെയുള്ള നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഷമീർ. ഇയാളുടെ സഹോദരൻ ഷെഫീഖ് തിരുവനന്തപുരം ജില്ലയിലെ നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയാണ്.
പതിനാലാം വയസ്സിൽ മോഷണം ആരംഭിച്ച അമൽ കോട്ടയം ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും, വാകത്താനം പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലെയും പൊൻകുന്നം പോലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കുരുമുളക് സ്പ്രേ അടിച്ച കേസിലെയും പ്രതിയാണെന്നും പോലീസ് പറഞ്ഞു. രാമപുരത്ത് മാലപൊട്ടിക്കാൻ ഉപയോഗിച്ച് ബൈക്ക് ഷെമീർ തമിഴ്നാട് മാർത്താണ്ഡത്ത് നിന്നും കഴിഞ്ഞ മാസം ഒമ്പതാം തീയതി മോഷ്ടിച്ചതാണ്. പ്രതികളെ പിടികൂടിയ സമയത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും മോഷ്ടിച്ച ഒരു ബൈക്കും കണ്ടെടുത്തിരുന്നു.
പാലാ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രൻ , രാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ അനിൽകുമാർ എസ്ഐ ഡിനി, സ്ക്വാഡ് അംഗങ്ങളായ എസ് ഐ തോമസ് സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ചന്ത്,ഷെറിൻ സ്റ്റീഫൻ, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.