Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ഗവണ്മെന്റ് കോളേജിൽ ചരിത്ര മ്യൂസിയത്തിന്റെ ഉദ്‌ഘാടനം മന്ത്രി ഡോ. കെ ടി ജലീൽ ഓൺലൈൻ വഴി നിർവഹിച്ചു

നെടുമങ്ങാട്: ഗവണ്മെന്റ് കോളേജിൽ ചരിത്ര മ്യൂസിയത്തിന്റെ ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ ഓൺലൈൻ വഴി നിർവഹിച്ചു. റൂസ ഫണ്ട് ഉപയോഗിച്ച് കോളേജിൽ നിർമ്മിച്ച ലേഡീസ് അമിനിറ്റി സെന്ററിന്റെയും സ്റുഡന്റ്സ് ഹെൽത് കാർഡിന്റെയും ഉദ്‌ഘാടവും നടന്നു. ലേഡീസ് അമിനിറ്റി സെന്ററിന്റെ ഉദ്‌ഘാടനം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ ശ്രീജ സി എസും സ്റ്റുഡന്റസ് ഹെൽത്ത് കാർഡ് വിതരണോദ്‌ഘാടനം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ ജെ എസ് ഷിജുഖാനും നിർവഹിച്ചു.

പഴമക്കാര്‍ക്ക് മാത്രം പരിചിതമായിരുന്ന പഴയ നെടുമങ്ങാടിനെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നെടുമങ്ങാട് സര്‍ക്കാര്‍ കലാലയത്തില്‍. വിദ്യാര്‍ത്ഥി സമൂഹത്തിന് പുറമെ, എല്ലാവിഭാഗം ചരിത്ര പഠിതാക്കള്‍ക്കും മുതല്‍ക്കൂട്ടാവുന്ന രീതിയിലുള്ള പ്രാദേശിക ചരിത്ര മ്യൂസിയമാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അപൂർവം കോളേജുകളിലാണ് നൂതന ആശയമായ സ്റ്റുഡന്റസ് ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതെന്ന് ഡോ. ജെ എസ് ഷിജുഖാൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വലിയമാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞെന്നും നെടുമങ്ങാട് കോളേജ് അതോടൊപ്പം സഞ്ചരിക്കാൻ കഴിയണമെന്നും എം എൽ എ സി ദിവാകരൻ പറഞ്ഞു.

സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മ്യൂസിയത്തിന്‍റെ നേതൃത്വത്തില്‍ 12 ലക്ഷം രൂപ ചെലവിട്ടാണ് മലനാടിന്‍റെ പ്രാദേശിക ചരിത്രം അടയാളപ്പെടുത്തുന്ന ചരിത്ര മ്യൂസിയത്തിന്റെ നിര്‍മ്മാണം. ചരിത്ര ഗവേഷകര്‍, മ്യൂസിയോളജിസ്റ്റുകള്‍, ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കലാകാരന്മാര്‍ എന്നിവർ ചേർന്നാണ് മ്യൂസിയം സജ്ജമാക്കിയത്.

നെടുമങ്ങാട് എം എൽ എ സി ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപാൾ വിഎസ് ജോയി സ്വാഗതവും നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത എസ്, വൈസ് പ്രിൻസിപ്പാൾ ഡോ.എൽ അലക്‌സ്, എച്ച്ഒഡി കെ സ്വപ്നകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പി ജി പ്രേമചന്ദ്രൻ, കെ സോമശേഖരൻ നായർ, കെ വിജയൻ, ആർ സുരേഷ്, ഡോ അൻസാർ ആർ എൻ, എം നസിമുദീൻ, നയന മധു, ടി തുഷാദ്, മുനീർ എം, ഷിജി എച്ച്, ഹരികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് യഹിയ ജെ നന്ദി അറിയിച്ചു.



Post a Comment

0 Comments