Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ചെറ്റച്ചൽ–വെള്ളനാട് റോഡിന്റെ നവീകരണത്തിനായി വെള്ളനാട് ജംക്‌ഷനിൽ പുറമ്പോക്ക് തീർത്ത് എടുക്കുന്നില്ലെന്ന് ആക്ഷേപം

വെള്ളനാട്: ചെറ്റച്ചൽ–വെള്ളനാട് റോഡിന്റെ നവീകരണത്തിനായി വെള്ളനാട് ജംക്‌ഷനിൽ പുറമ്പോക്ക് തീർത്ത് എടുക്കുന്നില്ലെന്ന് ആക്ഷേപം. വെള്ളനാട് കെഎസ്ആർടിസി ഡിപ്പോ മുതൽ ജംക്‌ഷൻ വരെയുള്ള പ്രദേശങ്ങളിലാണു പുറമ്പോക്ക് എടുക്കാതെ ജോലികൾ നടക്കുന്നതായി പരാതിയുള്ളത്. വെള്ളനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ലൂഥർഗിരിയിൽനിന്നു പുറമ്പോക്ക് എടുത്താണു ജോലികൾ. വെള്ളനാട് കെഎസ്ആർടിസി ഡിപ്പോ വരെ നല്ല വീതിയിലാണു റോഡിന്റെ നവീകരണം. അതിനുശേഷമാണ് വീതി വളരെ കുറവ്. റോഡ് വെള്ളനാട് ജംക്‌ഷനിലേക്കെത്തിയപ്പോൾ കുപ്പിക്കഴുത്ത് പോലെയായെന്നു നാട്ടുകാർ പറയുന്നു.



പഴയ റോഡിന്റെ ടാറിങ്ങിനോടു ചേർന്നാണു ജംക്‌ഷനിലെ ഓടനിർമാണം. റോഡിന്റെ വശങ്ങളിൽ നടപ്പാത കൂടി വരുന്നതോടെ പ്രശ്നം രൂക്ഷമാകും. ജംക്‌ഷനിൽ പലയിടത്തും കയ്യേറ്റക്കാരെ സംരക്ഷിച്ചാണു റവന്യു ഉദ്ദ്യോഗസ്ഥർ പുറമ്പോക്ക് തിട്ടപ്പെടുത്തൽ നടത്തിയതെന്നാണു പ്രധാന ആക്ഷേപം. ഇതു ചൂണ്ടികാട്ടി ഒരു വസ്തുവുടമ നെടുമങ്ങാട് തഹസിൽദാർക്കു നൽകിയതു വ്യത്യസ്ത പരാതി. ആര്യനാട് പഞ്ചായത്തിലും ഇതേ അവസ്ഥയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ പുറമ്പോക്ക് തീർത്തെടുക്കുന്നതിന്റെ ഭാഗമായി സർവേ ആരംഭിച്ചു. അടിയന്തരമായി പുറമ്പോക്ക് മുഴുവൻ എടുത്തു വെള്ളനാട് ജംക്‌ഷനിൽ നവീകരണം നടത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം.

Post a Comment

0 Comments