വെഞ്ഞാറമൂട്: ചായകുടിക്കാനെന്ന വ്യാജേന എത്തി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തിലെ രണ്ടു പേർകൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തിലുൾപ്പെട്ട അഞ്ചുപേരും അറസ്റ്റിലായെന്നു വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. മണ്ണന്തല സ്വദേശി അഖിൽ(23), ഇടമൺ സ്വദേശി വിശാൽ(25), മണ്ണന്തല താന്നിമൂട്ടിൽ ഗോകുൽ(23) എന്നിവരാണു കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരുടെ സുഹൃത്തുക്കളായ കേസിലെ ഒന്നാം പ്രതി ഷൈനു(23), പൗഡിക്കോണം സ്വദേശി അജേഷ്(21) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ഷൈനു ജൂൺ മാസത്തിൽ പൂജപ്പുരയിൽ രാധാകൃഷ്ണൻനായരുടെ പത്തര പവൻ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയാണെന്നും മറ്റുള്ളവരും മണ്ണന്തല, പൂജപ്പുര, പേരൂർക്കട സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. നാലിനു രാത്രി 7.45നു കന്യാകുളങ്ങര കൈതയിൽ ജംക്‌ഷനിൽ തട്ടുകട നടത്തുന്ന ഷൈലാബീവിയുടെ കടയിൽ എത്തി സംഘം ചായ വാങ്ങിക്കുടിച്ചു.
കുറച്ചു സമയം പ്രദേശത്തു ചെലവഴിച്ച ഇവർ ഷൈലാബീവിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ സ്വർണമാല പൊട്ടിച്ചെടുത്തു കടന്നുവെന്നാണു കേസ്. സംഭവദിവസം രാത്രി 8.30ന് അയിരൂപ്പാറയിൽ എത്തിയ ഓട്ടോയുടെ നമ്പർ പ്ലേറ്റിലെ നമ്പർ ഇളക്കി മാറ്റുന്നതു കണ്ട നാട്ടുകാർ യഥാർഥ നമ്പർ കുറിച്ചെടുത്തു വിവരം പോത്തൻകോട് പൊലീസിൽ അറിയിച്ചതിനെത്തുടർന്നാണു സംഘത്തിലെ മൂന്നുപേർ ആദ്യദിവസം പിടിയിലായത്. റൂറൽ എസ്പിയുടെയും ആറ്റിങ്ങൽ എഎസ്പി ആദിത്യയുടെയും നിർദേശാനുസരണം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തവരെ കോടതിയിൽ ഹാജരാക്കി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.