പാലോട്: മണിപ്പുരി നാടോടി കലാസംഘത്തിന്റെ കലാവിരുന്നിനു സമ്മാനമായി നാടൻവിഭവങ്ങളുടെ രുചിഭേദം സമ്മാനിച്ചു നന്ദിയോട് എസ്കെവി ഹയർസെക്കൻഡറി സ്കൂളും അമ്മക്കൂട്ടവും.ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ കലയും സംസ്കാരവും ഭാഷയും പരസ്പരം കൈമാറി ദേശീയോഗ്രഥനം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടു സ്പിക്മാക്കെ എന്ന സംഘടന നടത്തുന്ന കലാവിരുന്നിന്റെ ഭാഗമായി ഇന്നലെ നന്ദിയോട് എസ്കെവി എച്ച്എസ്എസിലാണു മണിപ്പുരി നൃത്തം അരങ്ങേറിയത്. 11 കലാകാരൻമാരുടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഈ കലാവിരുന്ന് കുട്ടികളടക്കം ഇമവെട്ടാതെ ആസ്വദിച്ചു.
കലാവിരുന്നു കഴിഞ്ഞയുടനെ അവർക്കു വിളമ്പിയ നാടൻ ഭക്ഷണം മണിപ്പുരികളുടെ നാവിൻതുമ്പിൽ കേരളീയ രുചിഭേദത്തിന്റെ താളം തീർത്തു. കൃഷിഭവനു കീഴിലുള്ള നന്ദിയോട് നവജീവൻ അമ്മക്കൂട്ടം ഒരുക്കിയ ഉണ്ണിയപ്പം, നാട്ടുകപ്പ പുഴുക്ക്, വിവിധയിനം ചമ്മന്തി എന്നിവയൊക്കെ മണിപ്പുരികളുടെ മനംകവർന്നു. ഈ ഭക്ഷണം പ്രത്യേക അനുഭവമാണെന്നു കലാകാരൻമാർ പറഞ്ഞു. സ്കൂളിൽ ഹൃദ്യമായ വരവേൽപാണു സംഘത്തിനു ലഭിച്ചത്. രാത്രി ചെറ്റച്ചൽ ജവാഹർ നവോദയ വിദ്യാലയത്തിലും സംഘം കലാവിരുന്നൊരുക്കി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.