Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് നഗരസഭയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ വിപുലമായ കർമപദ്ധതികൾ

നെടുമങ്ങാട്: നഗരത്തെ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചു ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായി പാലിച്ചു ശുചിത്വ നഗരമാക്കുന്നതിനു പ്രത്യേക കർമപദ്ധതികളുമായി നെടുമങ്ങാട് നഗരസഭാ അധികൃതർ. മാലിന്യസംസ്കരണവും പ്ലാസ്റ്റിക്, ഇ–വേസ്റ്റ് കലക്‌ഷനുമായി ബന്ധപ്പെട്ടു നെടുമങ്ങാട് നഗരസഭയെ കേരളത്തിലെ മോഡൽ നഗരസഭകളിൽ ഒന്നായി തിരഞ്ഞെടുത്തതിനെ തുടർന്നായിരുന്നു നഗരത്തെ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു ശുചിത്വ നഗരമാക്കുന്നതിനു നഗരസഭ ലക്ഷ്യമിടുന്നതെന്നു ചെയർമാൻ ചെറ്റച്ചൽ സഹേദവൻ അറിയിച്ചു. 

ജൈവമാലിന്യ സംസ്കരണത്തിന് എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, കിച്ചൺബിൻ, പോട്ട് കംപോസ്റ്റ്, കംപോസ്റ്റ് പിറ്റുകൾ, മാർക്കറ്റിൽ ടംപ്ലർ കംപോസ്റ്റ് യൂണിറ്റ് എന്നിവ സ്ഥാപിക്കും. കൂടാതെ, പ്ലാസ്റ്റിക് ഇ–വേസ്റ്റ് അടക്കമുള്ള അജൈവ മാലിന്യസംസ്കരണത്തിനു ഷെർഡിങ് യൂണിറ്റ്, ബെയിലിങ് യൂണിറ്റ് എന്നിവയ്ക്കു നഗരസഭ ഓർഡർ ചെയ്തു കഴിഞ്ഞതായും ചെയർമാൻ‌ അറിയിച്ചു. പ്ലാസ്റ്റിക് പൊടിച്ചു ടാറിൽ മിക്സ് ചെയ്തു റോഡ് ടാറിങ്ങിനു വിനിയോഗിക്കും. 

ഇ–വേസ്റ്റ് കലക്ട് ചെയ്ത് എംആർഎഫ് സെന്ററുകളിൽ എത്തിച്ചു തരംതിരിച്ചു സ്ക്രാപ്പ് വെൻഡേഴ്സിനു കൈമാറുന്നു. പ്ലാസ്റ്റിക്, ഇ–വേസ്റ്റ് കലക്‌ഷനുവേണ്ടി സൊസൈറ്റി രൂപീകരിക്കാനും ഗ്രീൻ ടെക്നീഷ്യന്മാരെ സിലക്ട് ചെയ്തു വീടുവീടാന്തരവും വ്യാപാര സ്ഥാപനങ്ങളിലും എത്തി തരംതിരിച്ചു വൃത്തിയായി സൂക്ഷിക്കുന്ന പ്ലാസ്റ്റിക്കും ഇ–വേസ്റ്റും ഏറ്റെടുക്കും.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരിക, കഴുകി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുക, ഉപയോഗിച്ച സാധനങ്ങൾ പുനഃചംക്രമണത്തിലൂടെ വീണ്ടും ഉപയോഗിക്കുക എന്ന സിസ്റ്റത്തിലേക്കു ജനങ്ങളെ എത്തിക്കുന്നതിനു വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

വിവാഹ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ, തിയറ്ററുകൾ, സ്വകാര്യ സർക്കാർ സ്കൂൾ അധികൃതർ, സർക്കാർ സ്ഥാപന മേധാവികൾ, ഹോട്ടൽ, വ്യാപാര സ്ഥാപനങ്ങൾ, അങ്കണവാടികൾ, മാർക്കറ്റ് കച്ചവടക്കാർ, പ്രിന്റിങ് പ്രസ് ഉടമകൾ എന്നിവരുടെ യോഗം വിളച്ചുചേർത്തു ബോധവൽക്കരണവും ആവശ്യമായ തീരുമാനങ്ങളും കൈകൊള്ളും. ഈ പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കാൻ നഗരസഭാതലത്തിൽ ആരോഗ്യ സാങ്കേതിക സമിതി രൂപീകരിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. 

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ ചെയർമാനും മുനിസിപ്പൽ സെക്രട്ടറി കൺവീനറുമായിരിക്കും. ഒരു ആരോഗ്യവിദഗ്ധൻ വൈസ് ചെയർമാനും വിവിധ വകുപ്പുതലവന്മാരും കൗൺസിൽ നോമിനേറ്റ് ചെയ്യുന്ന അഞ്ചുപേരും അംഗങ്ങളായിരിക്കും. നഗരസഭ നടപ്പിലാക്കുന്ന മാലിന്യനിർമാർജ്ജന പദ്ധതിയുമായി എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നു ചെയർമാൻ‌ അഭ്യർഥിച്ചു.



Post a Comment

0 Comments