Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

മീനാങ്കൽ പള്ളിനടയിൽ കട കത്തിനശിച്ചു: തീ വച്ചതെന്നു പരാതി

മീനാങ്കൽ: പള്ളിനടയിൽ കട കത്തിനശിച്ചു. മീനാങ്കൽ കടുവാക്കുഴി എസ്.ആർ.മന്ദിരത്തിൽ സോമന്റെ കടയാണ് അഗ്നിക്കിരയായത്. അജ്ഞാതർ തീ വച്ചതാണെന്നു പരാതി. ഇന്നലെ പുലർച്ചെയാണു സംഭവം. കടയ്ക്കുള്ളിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ഓലയ്ക്കു മുകളിൽ ടാർപാളിൻ വലിച്ചുകെട്ടിയിരുന്ന മേൽക്കൂര പൂർണമായി കത്തി. 

പുലർച്ചെ നാലുമണിക്ക് തുറക്കാൻ എത്തിയപ്പോഴാണു കട കത്തുന്നതു സോമന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും ഈ സമയത്തിനുള്ളിൽ കട പൂർണമായും കത്തി. രണ്ടുവർഷം മുമ്പാണ്‌ സോമൻ പള്ളിനടയിൽ കട ആരംഭിച്ചത്. വർഷങ്ങൾക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന മറ്റൊരു കടയും സമാനമായ രീതിയിൽ അഗ്നിക്കിരയായിട്ടുള്ളതായും പരിസരവാസികൾ പറയുന്നു. സോമൻ ആര്യനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നടപടിയെടുക്കാതെ പൊലീസ്. 

മീനാങ്കൽ പള്ളിനടയിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ പൊലീസ്. സന്ധ്യയാകുന്നതോടുകൂടി ജംക്‌ഷൻ മദ്യപാനികൾ താവളമാക്കുകയാണ്‌. യുവർ പാരലൽ കോളജിന്റെ ബെഞ്ചിലും മേശയിലും അജ്ഞാതർ രാത്രിയിൽ ചാണകം വാരിയെറിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ ആര്യനാട് പൊലീസിനായിട്ടില്ല. ബവ്കോയുടെ കാട്ടാക്കട, വിതുര വിൽപനശാലകളിൽ നിന്നും മദ്യം വാങ്ങി ഇവിടെയെത്തിച്ചു വിൽപന നടത്തുന്നവരുമുണ്ട്. 

ആര്യനാട് മദ്യവിൽപന‌ശാല അടച്ചതോടെ വിൽപനക്കാരുടെ എണ്ണം പെരുകി. സന്ധ്യയാകുന്നതോടെ ജംക്‌ഷൻ മദ്യപൻമാർ കയ്യടക്കുകയാണെന്നും പരിസരവാസികൾ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയായാൽ ജംക്‌ഷനിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സമീപവാസികൾ പറയുന്നു. ആര്യനാട് പൊലീസ്, എക്സൈസ് പരിശോധനകൾ കർശനമാക്കി മദ്യവിൽപനക്കാരെയും സാമൂഹികവിരുദ്ധരെയും അമർച്ച ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.


Post a Comment

0 Comments