പേപ്പാറ: ഡാമിൽ വെള്ളം 92.15 മീറ്റർ മാത്രം. ഇതിന്റെ കാഠിന്യം എത്രയെന്ന് അറിയണമെങ്കിൽ മുൻ വർഷങ്ങളിൽ ഇതേ ദിവസത്തെ വെള്ളത്തിന്റെ കണക്കു കൂടി അറിയേണ്ടതുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിനത്തിൽ 103 മീറ്റർ ഉയരത്തിലായിരുന്നു ഡാമിലെ വെള്ളം. ഇപ്പോഴുള്ളതിനെക്കാൾ എതാണ്ട് 35 അടി കൂടുതൽ. സമീപകാലത്ത് ഏറ്റവും വലിയ വരൾച്ച അനുഭവപ്പെട്ട 2003ലും ഇതേ ദിനത്തിൽ ഡാമിൽ വെള്ളം 97 മീറ്റർ ഉണ്ടായിരുന്നുവെന്നറിയുമ്പോഴാണ് എത്ര ഭീതിദമായ അവസഥയിലൂടെയാണു തലസ്ഥാനം കടന്നുപോകുന്നതെന്ന യാഥാർഥ്യം വെളിപ്പെടുന്നത്.
110.50 മീറ്റർ സംഭരണശേഷിയുള്ള പേപ്പാറ ഡാമിനു 107.50 മീറ്റർ വരെ സംഭരിച്ചു നിർത്താൻ അനുമതിയുണ്ട്. രണ്ടു വർഷം മുൻപാണു ഡാമിൽ സംഭരിച്ചു നിർത്താനുള്ള വെള്ളത്തിന്റെ അളവ് 104.50 മീറ്ററിൽനിന്നു 107.50 ആയി ഉയർത്തിയത്. കഴിഞ്ഞവർഷം കാര്യമായി വേനൽ മഴ ലഭിച്ചിരുന്നു. ചൂടും താരതമ്യേന കുറവായിരുന്നു. എന്നാൽ, ഇത്തവണ സ്ഥിതി മാറി. വൃഷ്ടി പ്രദേശത്തു വേനൽമഴ ലഭ്യത കുറഞ്ഞതും ബാഷ്പീകരണത്തിന്റെ തോതു കൂടിയതും ഡാമിലെ ജലനിരപ്പു ഗണ്യമായി കുറച്ചു. മുൻപു വെള്ളം നിറഞ്ഞുകിടന്ന ഭാഗത്ത് ഇന്നു മൺകൂനകളാണ്.
നിലവിൽ, 33 ദിവസത്തേക്കുള്ള ജലം മാത്രമേ ഡാമിൽ സംഭരിക്കപ്പെട്ടിട്ടുള്ളൂ. അതായത്, ആകെ 8.7 ദശലക്ഷം ക്യുബിക് ലീറ്റർ വെള്ളം മാത്രമാണു ഡാമിൽ ശേഷിക്കുന്നത്. മേയ് 15ന് അകം കാര്യമായി മഴ ലഭിച്ചില്ലെങ്കിൽ നഗരത്തിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടേക്കും. പേപ്പാറ ഡാം മന്ത്രി മാത്യു ടി.തോമസ് സന്ദർശിച്ചു. കുടിവെള്ളക്ഷാമം മറികടക്കാൻ പുതിയ വഴികളുടെ സാധ്യത തേടിയായിരുന്നു സന്ദർശനം ജലവിഭവ വകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാൾ, ജല അതോറിറ്റി എംഡി ഷൈനമോൾ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.