Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് തട്ടിയെടുത്തു കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

നെടുമങ്ങാട്: കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ പുലർച്ചെ സർവീസ് നടത്താനായി സ്റ്റാൻഡിൽ പിടിച്ചിട്ട ബസ് ഒരു യുവാവ് കയറി സ്റ്റാർട്ടാക്കി എടുത്തുകൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ സമീപത്തെ മതിലിലും പാർക്ക് ചെയ്തിരുന്ന മറ്റു രണ്ട് ബസുകളിലും ഇടിച്ചു കേടുവരുത്തി. ഇതിനിടയിൽ, ഇക്കാര്യം ശ്രദ്ധയിൽപെട്ട സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ ഇയാളെ പിടികൂടി നെടുമങ്ങാട് പൊലീസിനെ വിളിച്ചുവരുത്തി അവർക്കു കൈമാറി. ഇളവട്ടം സിഎസ്ഐ പള്ളിക്കു സമീപം പള്ളിവിളാകം വീട്ടിൽ നിന്ന് ആട്ടുകാൽ കഴക്കുന്ന് പുളിമൂട്ടിൽ ചരുവിളാകത്തു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ബാബുവിന്റെ മകൻ ബബി(20)നെയാണു പൊലീസ് ഡിപ്പോയിൽ എത്തി അറസ്റ്റ് ചെയ്തത്.

ജോസ്കോ ഗാനമേള ട്രൂപ്പിലെ ഡ്രമ്മറാണ് ബബിൻ. ശനിയാഴ്ച്ച രാത്രി ആര്യനാട്ട് ഒരു ഗാനമേള പരിപാടി കഴിഞ്ഞു തിരികെ ട്രൂപ്പുമൊത്തു പിരപ്പൻകോട്ടുള്ള ക്യാംപിൽ എത്തിയ ശേഷം വീട്ടിലേക്കു മടങ്ങാനായി സുഹൃത്തുമൊത്തു നെടുമങ്ങാട്ട് എത്തുകയായിരുന്നു. ബബിൻ തന്റെ വീട്ടിലേക്കു പോകാനായിട്ടാണു ബസ് സ്റ്റേഷനിൽ വന്നതെന്നു പറയുന്നു. ഒപ്പമുണ്ടായിരുന്നയാൾ അയാളുടെ വീട്ടിലേക്കും പോയി. എന്നാൽ, ബസ് സ്റ്റാൻഡിൽ ചക്കുളത്തുകാവിലേക്കു പോകുന്നതിനുവേണ്ടി പുലർച്ചെ പിടിച്ചിട്ടിരുന്ന ബസിൽ കയറിയ ബബിൻ ബസ് സ്റ്റാർട്ടാക്കി എടുത്തുകൊണ്ടുപോവുകയായിരുന്നു ചെയ്തതെന്നു പൊലീസ് പറഞ്ഞു. 

ഈ സമയം ബസിൽ മറ്റു യാത്രാക്കാരാരും ഇല്ലായിരുന്നു. ബസ് മതിലിലും മറ്റു രണ്ടു ബസുകളിലും ഇടിച്ചു കേടുവരുത്തിയതു കാരണം ഇരുപതിനായിരത്തോളം രൂപയാണു കെഎസ്ആർടിസിക്കു നഷ്ടമായത്. മാത്രമല്ല, ചക്കുളത്തുകാവിലേക്കുള്ള സർവീസ് മുടങ്ങിയതു കാരണം ആ ഇനത്തിൽ 16,000 രൂപയും കെഎസ്ആർടിസിക്കു നഷ്ടമുണ്ടായിയെന്നും പൊലീസ് അറിയിച്ചു. ബസ് മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റത്തിനുമാണ് ഇയാളുടെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന യുവാവിനെ മെഡിക്കൽ പരിശോധനയ്ക്കും വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. ബബിനെ കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാൻഡ് ചെയ്തു.




Post a Comment

0 Comments