വിതുര: സ്കൂളിന്റെയും വിദ്യാർഥികളുടെ പഠനനിലവാരത്തിന്റെയും സമഗ്രമായ പുരോഗതി ലക്ഷ്യം വച്ചു വിതുര ഗവ.വിഎച്ച്എസ്എസിൽ ആവിഷ്കരിച്ച ‘മികവ് 2017’ ന്റെ ഭാഗമായി രണ്ടു പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്തു. സമഗ്രവും ശാസ്ത്രീയവുമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ലക്ഷ്യം വച്ചു സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്(എസ്പിസി) യൂണിറ്റ് ആവിഷ്കരിച്ച മാതൃകാ പദ്ധതി ‘പുനർജനി’ക്കു തുടക്കമായി. പദ്ധതിയുടെ ലോഗോ മന്ത്രി ജെ.മേഴ്സിക്കുട്ടിമ്മ പ്രകാശനം ചെയ്തു. ജൂനിയർ റെഡ് ക്രോസ്(ജെആർസി) സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ടാർപോളിൻ കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ മന്ത്രി നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന ‘മത്സ്യ സമൃദ്ധി’ പദ്ധതിയുടെ രണ്ടാം ഘട്ടമായാണു സ്കൂൾ വളപ്പിൽ മത്സ്യക്കൃഷി തുടങ്ങിയത്.
ഇരുപദ്ധതികൾക്കും പിടിഎയുടെ പിന്തുണയുണ്ട്. ചടങ്ങിന്റെ ഭാഗമായി സംസ്ഥാന കലോത്സവം, ശാസ്ത്ര മേള, ബാല കൃഷിശാസ്ത്ര കോൺഗ്രസ് എന്നിവയിൽ മികവു കാട്ടിയ വിദ്യാർഥികളെ അനുമോദിച്ചു. മാതൃകാ ജൈവ കർഷകൻ തച്ചൻകോട് മനോഹരൻ നായരെയും ആദരിച്ചു. ഇദ്ദേഹമാണു സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നത്. കെ.എസ്.ശബരീനാഥൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിത കുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഷാഹുൽനാഥ് അലിഖാൻ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീജാ മേരി, പിടിഎ പ്രസിഡന്റ് കെ.വിനീഷ് കുമാർ, പ്രിൻസിപ്പൽമാരായ എം.ജി.വേണുഗോപാൽ, എസ്. ദിവ്യ, ഹെഡ്മിസ്ട്രസ് പി.ആർ.അനിത, എം.എൻ.ഷാഫി, കെ.അൻവർ, കെ.സുജാത എന്നിവർ പ്രസംഗിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.