Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ലോ അക്കാദമിയിൽ ആത്മഹത്യാഭീഷണിയും കന്റീൻ പൂട്ടിക്കലും; യാത്രക്കാർ കുരുങ്ങി

പേരൂർക്കട: ലോ അക്കാദമിയിൽ ആത്മഹത്യാഭീഷണിയും കന്റീൻ പൂട്ടിക്കലും മറ്റുമായി സമരം ചൂടുപിടിച്ചതോടെ ഇന്നലെ വാഹന യാത്രക്കാർ കുരുങ്ങി. കൂടെ വൈകിട്ട് സ്കൂൾ വിട്ടിറങ്ങിയ കുട്ടികളും വഴിയിലായി. പേരൂർക്കട വഴി നെടുമങ്ങാട്ടേയ്ക്കു പോകുന്ന വാഹനങ്ങൾ വഴി തിരിച്ചുവിട്ടില്ലെങ്കിലും ലോ അക്കാദമിക്കു മുന്നിലൂടെ കുടപ്പനക്കുന്ന്, കലക്ടറേറ്റ് തുടങ്ങിയിടങ്ങളിലേയ്ക്കുള്ള വാഹനങ്ങളെ പൊലീസ് അമ്പലമുക്ക് വഴി തിരിച്ചുവിട്ടു. ഇതോടെ വെള്ളയമ്പലം മുതൽ വാഹനങ്ങളുടെ നീണ്ട നിര രൂപംകൊണ്ടു. സ്കൂൾ കുട്ടികളിൽ പലരും വീടെത്തിയതു വൈകിട്ട് ആറോടെ. വെള്ളയമ്പലത്തു നിന്നും ശാസ്തമംഗലം വഴി പോയ വാഹനങ്ങളും തിരക്കിൽപ്പെട്ടു. സമരക്കാരൻ ഉച്ചയ്ക്ക് രണ്ടരയോടെ മരത്തിനു മുകളിൽ കയറിയതിനാൽ അക്കാദമിക്കു മുന്നിലൂടെയുള്ള വാഹനയാത്ര പൊലീസ് വഴി തിരിച്ചുവിട്ടു. 

സമരക്കാരും മാധ്യമപ്രവർത്തകരും കാഴ്ചക്കാരും ചേർന്നു റോഡ് ഏറ്റെടുത്തതോടെ ഇതുവഴി വാഹനയാത്ര കഴിയാതെയായി. എന്നാലും കാൽനടയാത്രക്കാരെ തടഞ്ഞില്ല. വൈകിട്ട് മൂന്നരയോടെ സ്കൂൾ വിട്ടതോടെ കാര്യങ്ങൾ കീഴ്‍മേൽ മറിഞ്ഞു. വലിയ ഗതാഗതക്കുരുക്ക് രൂപംകൊണ്ടു. കുട്ടികളെ വീടുകളിൽ എത്തിക്കാനായി പുറപ്പെട്ട സ്കൂൾ ബസുകൾ ഭൂരിപക്ഷവും റോഡുകളിൽ കിടന്നു. ഇതു കുട്ടികളെ കാണാതെ മാതാപിതാക്കളെ സമ്മർദത്തിലാഴ്ത്തി. പലരും സ്കൂളുമായി ബന്ധപ്പെട്ടാണു പ്രശ്നം മനസ്സിലാക്കിയത്. പേരൂർക്കട വഴി കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ്, പൈപ്പിൻമൂട് തുടങ്ങിയിടങ്ങളിലേക്കും അമ്പലമുക്ക് വഴി കുറവൻകോണം, പരുത്തിപ്പാറ എന്നിവിടങ്ങളിലേയ്ക്കു സാധാരണ പരമാവധി നാലരയോടെ എത്തുന്ന സ്കൂൾ ബസുകൾ ഇന്നലെ എത്തിയത് വൈകിട്ട് ആറോടെ. അക്കാദമി റോഡിലൂടെയുള്ള വാഹനങ്ങൾ മാത്രമാണു പൊലീസ് തടഞ്ഞതെങ്കിലും ബാഹുല്യം മൂലമുള്ള തിരക്കാണു ജനത്തിനെ വലച്ചത്.


Post a Comment

0 Comments