Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

2017ല്‍ നിര്‍ബന്ധമായും കാണേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിന് എട്ടാം സ്ഥാനം

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ് (ആബ്ട) പുറത്തിറക്കിയ, 2017ല്‍ നിര്‍ബന്ധമായും കാണേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിന് എട്ടാം സ്ഥാനം. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് 12 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

2017ലെ സഞ്ചാര പ്രവണതകള്‍ (ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് 2017) എന്ന പേരില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ലോകത്തിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ അമേരിക്ക, മെഡിറ്ററേനിയന്‍ ദ്വീപായ സര്‍ദിനിയ, ദക്ഷിണാഫ്രിക്ക, വിയറ്റ്‌നാം എന്നിവയെ പിന്നിലാക്കിയാണ് കേരളത്തിന്റെ എട്ടാം സ്ഥാനനേട്ടം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള സചിത്ര കുറിപ്പും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ 24 മണിക്കൂര്‍ ലോകസഞ്ചാരത്തില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി നാഷണല്‍ ജ്യോഗ്രഫിക് മാസികയും ഈയിടെ കേരളത്തെ തെരഞ്ഞെടുത്തിരുന്നു.

സ്പാനിഷ് സ്വയംഭരണ പ്രദേശമായ ആന്‍ഡലൂഷ്യയാണ് പട്ടികയില്‍ ഒന്നാമത്. അറ്റ്‌ലാന്റിക് ദ്വീപസമൂഹത്തിലെ അസോറസ്, ബെര്‍മുഡ, ചിലെ, അയര്‍ലന്‍ഡിലെ കൗണ്ടി കെറി, ക്രൊയേഷ്യ, ഡെന്മാര്‍ക്ക് എന്നിവയാണ് പട്ടികയില്‍ കേരളത്തിനു മുന്നിലുള്ളത്. ആഗോള സഞ്ചാരികള്‍ ഏറെ ഗൗരവപൂര്‍വം പിന്തുടരുന്നതാണ് ആബ്ട പോലുള്ള മുന്‍നിര യാത്രാസംഘടനകളുടെ നിരീക്ഷണങ്ങള്‍. അടുത്ത വര്‍ഷത്തെ ആഗോള സഞ്ചാരപ്രവണതകളെ നിര്‍ണായകമായി സ്വാധീനിക്കുന്നവതാകും ആബ്ടയുടെ പട്ടിക.

കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ 17 ശതമാനവും ബ്രിട്ടനില്‍നിന്നാണ്. 2015ല്‍ 1.66 ലക്ഷം സഞ്ചാരികളാണ് ഇംഗ്ലണ്ടില്‍നിന്നെത്തിയത്. പ്രതിവര്‍ഷം 32 ദശലക്ഷം പൗണ്ടിന്റെ യാത്രാവിപണനം നടത്തുന്ന ട്രാവല്‍ ഏജന്റുമാര്‍ അംഗങ്ങളായ ആബ്ടയുടെ പട്ടികയിലെ സ്ഥാനം കേരളത്തിന്റെ ടൂറിസം ഭാവിക്ക് ശുഭപ്രതീക്ഷയാണു പകരുന്നത്.

പുതിയ സഞ്ചാരവര്‍ഷത്തിന് ഏറ്റവും മികച്ച തുടക്കമാണ് ആബ്ട റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചതിലൂടെ കൈവന്നിരിക്കുന്നതെന്നും ഇത് കേരളത്തിന്റെ വിനോദസഞ്ചാര പ്രൗഢിക്ക് ലോകശ്രദ്ധ ലഭിക്കാനുള്ള നടപടികള്‍ക്ക് പ്രചോദനമാണെന്നും നിലവിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരുമെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. കേരളത്തിന്റെ പ്രധാന വിനോദസഞ്ചാരവിപണിയായ ബ്രിട്ടനില്‍നിന്നുള്ള അംഗീകാരം സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലേക്കുള്ള ഇംഗ്ലീഷ് സഞ്ചാരികളുടെ വര്‍ധന ഇനിയും തുടരുമെന്ന് ആബ്ട പട്ടികയിലെ നേട്ടം വ്യക്തമാക്കുന്നതായി ടൂറിസം ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിന് മുന്‍നിര സ്ഥാനം ലഭിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന സമര്‍ഥമായ പ്രചാരണ പരിപാടികള്‍ക്കു കൂടിയാണീ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments