Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വന്യമൃഗങ്ങൾ നാട്ടിലേക്ക്, കർഷകനൊരുക്കിയ കുരുക്കിൽപെട്ട് മ്ലാവ്

കാട്ടാക്കട: വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നു. അഗസ്ത്യവനത്തിലെ വിവിധ പ്രദേശങ്ങളിലും നെയ്യാർ വനമേഖലയിലുമൊക്കെ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി. കുറ്റിച്ചൽ പാങ്കാവ് ശംഭുതാങ്ങിയിൽ കൃഷിഭൂമി യിലെത്തിയ മ്ലാവ് കർഷകനൊരുക്കിയ കെണിയിലകപ്പെട്ടത് ഇന്നലെയാണ്. നല്ലായണി സിഎൽ ഭവനിൽ ചെല്ലപ്പന്റെ ഭൂമിയിലെ റബർ കൃഷി നശിപ്പിക്കാനെത്തിയ മ്ലാവാണ് കൃഷി സംരക്ഷിക്കാൻ ചെല്ലപ്പനൊരുക്കിയ പ്ലാസ്റ്റിക് വല ഉപയോഗിച്ചുള്ള കുരുക്കിൽ പെട്ടത്. പുലർച്ചെ കുരുക്കിലകപ്പെട്ട മ്ലാവിനെ ഉച്ചയോടെ വനപാലകരെത്തി കുരുക്കഴിച്ചു കാട്ടിലേക്കു തിരികെവിട്ടു. ദേഹമാസകലം മുറിവേറ്റിരുന്ന മ്ലാവിനു പരിചരണം നൽകാതെ വീണ്ടും കാട്ടിലേക്ക് അയച്ചതു പ്രതിഷേധത്തിനു കാരണമായി. കൃഷിയിടങ്ങളിലെത്തുന്ന മ്ലാവ്, മാൻ, കാട്ടുപോത്ത്, ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു പതിവായി. 

വനത്തിലെ നീരുറവകൾ വറ്റി വരണ്ടതോടെയാണു കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങുന്നതെന്നു പ്രദേശത്തെ കൃഷിക്കാർ പറയുന്നു. വെള്ളം തേടിയിറങ്ങുന്ന വന്യമൃഗങ്ങൾ കൃഷി മുഴുവൻ നശിപ്പിക്കുന്നു. കൂട്ടമായെത്തുന്ന വന്യമൃഗങ്ങൾ റബർ മരങ്ങളുടെ പുറം പട്ട ആഹാരമാക്കുന്നതും മറ്റു കാർഷിക വിളകൾക്കു നാശം ഉണ്ടാക്കുന്നതും ഇപ്പോൾ പതിവാണ്.വരൾച്ചയിൽ നാടുണങ്ങുമ്പോൾ കിലോമീറ്ററോളം താണ്ടി ജലം ശേഖരിച്ചാണു പല കർഷകരും കൃഷി പരിപാലിക്കുന്നത്. ഇങ്ങനെ പരിപാലിക്കുന്ന കൃഷിയാണ് വന്യമൃഗങ്ങൾ നശിപ്പിക്കുന്നത്. കൃഷി നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ തയാറാകാത്ത വനം വകുപ്പ് അധികൃതർ, കൃഷിയിടങ്ങൾ സംരക്ഷിക്കാൻ സംവിധാനമൊരുക്കാനും തയാറാവുന്നില്ലെന്നു പരാതിയുണ്ട്.



Post a Comment

0 Comments