Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

നന്ദിയോട് – ആനാട് കുടിവെള്ള പദ്ധതി പാതിവഴിയിൽ

പാലോട്: ചൂടു വർധിച്ചു ജലസംഭരണികൾ വറ്റി, നാട് കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങിയിട്ടും പഞ്ചായത്തുകളുടെ തികഞ്ഞ അനാസ്ഥമൂലം നന്ദിയോട്– ആനാട് സമഗ്ര കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യാനാവാതെ പാതിവഴിയിലായി. പദ്ധതിയുടെ നന്ദിയോട് മെയിൻ ട്രീറ്റ്മെന്റ് പ്ലാന്റും പാലോട് പമ്പ്ഹൗസും ഇവയെ തമ്മിൽ ബന്ധിപ്പിച്ചു ജലം എത്തിക്കുന്ന മെയിൻ പൈപ്പിടൽ ജോലിയും പൂർത്തിയായിട്ടും ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നു വിവിധ പ്രദേശങ്ങളിലേക്കു ജവിതരണത്തിനുള്ള ഓവർഹെഡ് ടാങ്കുകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്തുകൾക്ക് കഴിയാത്തതാണു പദ്ധതി നീളാൻ കാരണം.

അധികാരത്തിലേറി ഒരു വർഷം പിന്നിട്ടിട്ടും സ്ഥലം കണ്ടെത്തുന്നതിൽ കാണിച്ച തികഞ്ഞ അനാസ്ഥയാണു പദ്ധതി യാഥാർഥ്യമാകാത്തതിനു പിന്നിലെന്നും ആക്ഷേപം വ്യാപകമായിട്ടുണ്ട്. പഞ്ചായത്തുകൾ മൂന്നു മാസത്തിനു മുമ്പെങ്കിലും സ്ഥലം കണ്ടെത്തി നൽകിയിരുന്നുവെങ്കിൽ ജലസംഭരണികളുടെ നിർമാണം പൂർത്തിയാക്കി പുതുവർഷ സമ്മാനമായി ജനത്തിനു വെള്ളം നൽകാമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ആനാട്, നന്ദിയോട് പഞ്ചായത്തിലെ ഇടറൂട്ടിൽ വരെ വെള്ളമെത്തുന്നതും ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയുമാണ് ഈ അനാസ്ഥയിൽ പ്രവർത്തനസജ്ജമാകാൻ വൈകുന്നത്. വേനൽ ആരംഭിക്കുമ്പോൾ തന്നെ രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാവുന്ന നന്ദിയോട്, ആനാട് പഞ്ചായത്തുകൾക്കായി അറുപതുകോടിയിലേറെ ചെലവിട്ടാണ് കഴിഞ്ഞ സർക്കാർ പദ്ധതിക്കു പച്ചക്കൊടി കാട്ടിയത്. വിവാദങ്ങൾക്കിടയായെങ്കിലും സമയബന്ധിതമായി തന്നെ കഴിഞ്ഞ പഞ്ചായത്ത് സമിതി മെയിൻ ട്രീറ്റ്മെന്റ് പ്ലാന്റിന് സ്ഥലം കണ്ടെത്തി നൽകിയതു കൊണ്ടാണു പദ്ധതി ആരംഭിക്കാനും ഇന്നു കാണുന്ന നിലയിൽ പ്രധാന ജോലികളെല്ലാം പൂർത്തീകരണ ഘട്ടത്തിലാവാനും കാരണം.

പാലോട് പമ്പ് ഹൗസിൽ നിന്നു ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു ജലമെത്തിക്കുന്നതിനു വെട്ടിപ്പൊളിച്ചു മെയിൻ പൈപ്പിട്ട സത്രക്കുഴി– കള്ളിപ്പാറ റോഡ് നടന്നുപോകാൻ പോലും കഴിയാത്ത നിലയിൽ ഇന്നു ദുരിതക്കയത്തിലാണ്. വെട്ടിപ്പൊളിച്ച റോഡ് അധികം നീളാതെ നവീകരിക്കുമെന്നു പറ‍ഞ്ഞെങ്കിലും പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തി നൽകാത്തതു റോഡ് നവീകരണത്തെയും ബാധിച്ചു. പഞ്ചായത്തുകൾ അനാസ്ഥ തുടരുമ്പോഴും പ്രതിപക്ഷം നിഷ്ക്രിയമാണെന്ന അഭിപ്രായവും നാട്ടുകാരിൽ ഉയരുന്നു.





Post a Comment

0 Comments