കാട്ടാക്കട: പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മുഖമടച്ചു തല്ലിയതായി പരാതി. യൂണിഫോം ധരിക്കാതെ വന്നതിനു പൊരിവെയിലിൽ സ്കൂൾ മുറ്റത്തെ സിമന്റ് ബഞ്ചിലിരുത്തി പരീക്ഷയെഴുതിക്കുന്നതിനിടെയാണ് അധ്യാപകന്റെ മർദനം. സഹപാഠികൾ ചൈൽഡ് ലൈൻ പ്രവർത്തകർക്കു നൽകിയ വിവരത്തെ തുടർന്ന് അന്വേഷണം തുടങ്ങി. അധ്യാപകന്റെ നടപടിയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ സ്കൂളിനു പുറത്തു പ്രതിഷേധ പ്രകടനം നടത്തി.
പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരനാണ് മർദനമേൽക്കേണ്ടി വന്നത്. മർദനമേറ്റ കുട്ടിയുൾപ്പെടെ പരീക്ഷയ്ക്കു വന്ന കുട്ടികളിൽ ചിലർ യൂണിഫോം ധരിച്ചിരുന്നില്ല. യൂണിഫോം ധരിക്കാതെ വന്ന കുട്ടികളെ സ്കൂളിനു പുറത്തു മുറ്റത്തു സ്ഥാപിച്ചിട്ടുള്ള സിമന്റ് ബഞ്ചിലിരുത്തിയാണു പരീക്ഷയെഴുതിച്ചത്. ഇങ്ങനെ പരീക്ഷയെഴുതിപ്പിക്കാനുള്ള തയാറെടുപ്പിനിടെ ക്ലാസ് ടീച്ചർ അതുവഴി വന്നു. അധ്യാപികയെ കണ്ട് കുട്ടി ചിരിച്ചു. ഇതു കണ്ടുനിന്ന അധ്യാപകൻ അധ്യാപികയെ കളിയാക്കിച്ചിരിച്ചതിൽ രോഷാകുലനായാണ് മർദിച്ചതെന്നു കുട്ടിയുടെ രക്ഷിതാവു പറഞ്ഞു.
ആദ്യം മുഖത്തടിച്ചു. ഇതിനുശേഷം വീണ്ടും മർദിച്ചു. മുഖത്തും വയറിലുമൊക്കെ മർദനമേറ്റു സ്കൂൾ മുറ്റത്തിരുന്ന ടൂവീലറിനു മുകളിലേക്കു കുട്ടി വീണു. വീണിടത്തിട്ടും കുട്ടിയെ മർദിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറഞ്ഞതായി രക്ഷിതാവ് പറഞ്ഞു. അസ്വസ്ഥത കാരണം ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയെഴുതാനായില്ല. മർദന വിവരമറിയാതെ ഉച്ചയ്ക്ക് സ്കൂളിലെത്തിയ തന്നോട് ഒപ്പമുള്ള കുട്ടികളാണു വിവരം പറഞ്ഞതെന്നു മാതാവ് പറഞ്ഞു.
മർദനത്തെ തുടർന്നു പരീക്ഷയെഴുതാതെ സ്കൂൾ വിടാൻ ശ്രമിച്ച കുട്ടിയെ പ്രധാന അധ്യാപകന്റെ ചുമതലയുണ്ടായിരുന്ന മറ്റൊരു അധ്യാപകൻ അനുനയിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഹയർ സെക്കൻഡറി വിദ്യാർഥികളുൾപ്പെടെയുള്ളവർ ചേർന്നു മർദനമേറ്റ കുട്ടിയെ കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ചികിൽസ നൽകി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചു. കുട്ടിയെ അധ്യാപകൻ മർദിച്ചതു സഹപാഠികളാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. ഇന്നലെ തന്നെ ഇവർ അന്വേഷണം തുടങ്ങി.
പിടിഎ പ്രസിഡന്റുൾപ്പെടെയുള്ളവരോടു വിവരങ്ങൾ ആരാഞ്ഞതായി ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു. വിശദമായ തെളിവെടുപ്പിന് ഇന്നു സ്കൂളിലെത്തിയേക്കും. ആരോപണ വിധേയനായ അധ്യാപകനെതിരെ മുമ്പും പലപ്രാവശ്യം പരാതികൾ ഉയർന്നിരുന്നതായി പിടിഎ അംഗങ്ങളായ ചിലർ പറഞ്ഞു. ഇതേസമയം കുട്ടിയെ അധ്യാപകൻ മർദിച്ചില്ലെന്ന് ഇന്നലെ പ്രധാന അധ്യാപകന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ പറഞ്ഞു. വാക്കേറ്റമുണ്ടായി. വഴക്കു പറഞ്ഞു. മർദനം നടന്നില്ല.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.