പാലോട്: മടത്തറ ഭാഗത്തുനിന്നുള്ള കോഴിവെട്ടിന്റെ മാലിന്യം തെങ്കാശി പാതയിൽ പാലോട് – കുളത്തൂപ്പുഴ റോഡിലും, മടത്തറ – ചിതറ റോഡിലും വ്യാപകമായി വലിച്ചെറിയുന്നതുമൂലം മലീനീകരണം, ദുർഗന്ധം, തെരുവുനായ്ക്കളുടെ വിളയാട്ടം എന്നിവയ്ക്കു കാരണമായി. മടത്തറ ഭാഗത്തു മാലിന്യം വ്യാപകമാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നു റോഡിന്റെ വശങ്ങളിൽ ചാക്കുകെട്ടുകളായി തള്ളുന്ന മാലിന്യം തെരുവുനായ്ക്കൾ കടിച്ചുകീറി വ്യാപിപ്പിക്കുന്നു.
ഇതു കാക്കകൾ കൊത്തിവലിച്ചു സമീപത്തെ കുടിവെള്ളസ്രോതസുകളിൽ തള്ളുന്നു. ഇതിനു പുറമെ സിറ്റിയിൽ നിന്നു വ്യാപകമായി തള്ളുന്ന തെരുവുനായ്ക്കളുടെ പട തന്നെ ഇതു തിന്നാനെത്തുന്നു. ഇത്തരം നായ്ക്കൾ വഴിയാത്രക്കാർക്കു ഭീഷണിയുമാകുന്നു. സ്കൂൾകുട്ടികൾക്കു കടുത്ത ഭീഷണി ഉയർത്തുന്നതായി രക്ഷിതാക്കൾ പറയുന്നു. ദുർഗന്ധവും വ്യാപകമാണ്. ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
പാലോട്– മൈലമൂട് റോഡിൽ മാലിന്യക്കൂമ്പാരം
ഇറച്ചിവെട്ടിന്റെ അടക്കമുള്ള മാലിന്യങ്ങളുടെ കൂമ്പാരമായിരിക്കുകയാണു പാലോട്–മൈലമൂട് റോഡും വനമേഖലയും. പാങ്ങോട് ഭാഗത്തു നിന്നാണു മാലിന്യങ്ങൾ തള്ളുന്നതെന്നു പറയുന്നു. വനമേഖലയായതിനാൽ റോഡിൽ വരെ മാലിന്യങ്ങൾ തള്ളുകയാണ്. വനത്തിനുള്ളിലും മാലിന്യക്കൂമ്പാരമായിട്ടുണ്ട്. ഇവിടെയും തെരുവുനായ്ക്കളുടെ ശല്യം പെരുകി ടൂവീലർ യാത്രക്കാർക്കു കടുത്ത ഭീഷണിയാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.