ആര്യനാട്: വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഭർതൃസഹോദരൻ അറസ്റ്റിൽ. കടുവാക്കുഴി ഷാമില മൻസിലിൽ റഷീദി (35)നെയാണ് ആര്യനാട് പൊലീസ് പിടികൂടിയത്. പള്ളിവേട്ട കടുവാക്കുഴി എഎ മൻസിലിൽ ലൈലയുടെ വീട്ടിൽ നിന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് അറസ്റ്റ്.
ലൈലയുടെ അയൽവാസിയായ റഷീദ് വെമ്പായത്തു നടത്തുന്ന ഹോട്ടലിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും കടബാധ്യതകൾ തീർക്കുന്നതിനുമാണു മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. 12 പവൻ തൂക്കം വരുന്ന ഒരു മാല, ഏഴു പവന്റെ ഒരു വള, രണ്ടു പവൻ വരുന്ന ബ്രേസ്‌ലറ്റ് എന്നിവയാണു കവർന്നത്. കഴിഞ്ഞ 18നു ലൈലയുടെ വീട്ടിൽ മകളുടെ പ്രാർഥനാചടങ്ങ് നടന്നിരുന്നു.
ഇൗ അവസരം മുതലെടുത്ത് അടുത്ത ദിവസം രാവിലെയാണു ബന്ധുക്കൾ കാണാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ റഷീദ് മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു. തുടർന്നു കിഴക്കേക്കോട്ടയിലെ ഒരു ജ്വല്ലറി ഉടമയെ സമീപിച്ചു മാലയും വളയും 3,74,000 രൂപയ്ക്കു വിറ്റു. തുടർന്നു ബ്രേസ്‌ലറ്റ് വീട്ടിലെ മച്ചിൽ ഒളിപ്പിച്ചു. ഇതിൽ നിന്ന് ഒരു ലക്ഷം രൂപയോളം കടംവീട്ടുകയും ബാക്കി തുക കാറിൽ ഒളിപ്പിക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ ഇയാൾ ശ്രദ്ധിക്കുന്നുണ്ടെന്നു പൊലീസ് മനസ്സിലാക്കിയതോടെയാണ് അന്വേഷണം റഷീദിലേക്കു നീണ്ടത്. പ്രതിയുടെ വീട്ടിൽ നിന്നു ബ്രേസ്‌ലറ്റും കാറിൽ നിന്നു 2,80,600 രൂപയും പൊലീസ് കണ്ടെടുത്തു. നെടുമങ്ങാട് ഡിവൈഎസ്‌പി: ഇ.എസ്.ബിജുമോൻ, സിഐമാരായ എസ്.അനിൽകുമാർ, എം.അനിൽകുമാർ, എസ്ഐമാരായ അമൃത്‌സിങ് നായകം, ഷിജു കെ. നായർ, ഷാഡോ പൊലീസുകാരായ ജയൻ, ഷിബു, സുനിൽ, നെവിൻ, സുനിൽലാൽ, ഷജീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. റഷീദിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും പ്രതിയുടെ നിർദേശം
മോഷണം നടന്ന വിവരം വീട്ടുകാർ അറിഞ്ഞതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ജ്യേഷ്ഠത്തിക്കു റഷീദിന്റെ നിർദേശം. താൻ പിടിക്കപ്പെടില്ലെന്നു കരുതിയായിരിക്കും പ്രതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്. തുടർന്നു റഷീദ് പൊലീസ് സ്റ്റേഷനിലെത്തി ചടങ്ങിൽ പങ്കെടുത്തവരെ മാത്രമല്ല, പുറത്തുള്ളവരെ കുറിച്ചും അന്വേഷണം നടത്തി പ്രതിയെ ഉടൻ പിടികൂടണമെന്നു സിഐയോട് ആവശ്യപ്പെടുകയും ചെയ്തു.
ജ്യേഷ്ഠത്തിയുടെ ആഭരണങ്ങൾ ശ്രദ്ധയിൽപെട്ടപ്പോൾ ആരും കാണാതെ കൈക്കലാക്കുന്നതിനു റഷീദ് അവസരം നോക്കി നടക്കുന്നതിനിടയിലാണു ലൈലയുടെ മകളുടെ പ്രാർഥനാചടങ്ങു ദിവസം എത്തിയത്. ഇൗ ദിവസം മോഷണം നടത്തിയാൽ ചടങ്ങിൽ വന്നവരെ മാത്രമേ സംശയിക്കുകയുള്ളുവെന്നു മനസ്സിലാക്കി ഹോട്ടലിലെ ആവശ്യം പറഞ്ഞു ചടങ്ങിൽ നിന്നു റഷീദ് ഒഴിഞ്ഞുനിന്നു.
അടുത്ത ദിവസം രാവിലെ ഏഴരയോടെ ലൈലയുടെ വീട്ടിലെത്തി ബന്ധുക്കൾ ഉള്ളപ്പോൾ തന്നെ ആരുടെയും ശ്രദ്ധയിൽപെടാതെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒടുവിൽ ഷാഡോ പൊലീസ് ഇയാളുടെ നീക്കങ്ങൾ രഹസ്യമാക്കി നിരീക്ഷിക്കുകയും മോഷണം നടത്തിയതായി തെളിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നും ആര്യനാട് സിഐ: എസ്.അനിൽകുമാർ പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.